യുഎഇ ബഹിരാകാശയാത്രികൻ സുൽത്താൻ അൽ നെയാദിയുടെ 42-ാം ജന്മദിനം ഇത്തവണ ബഹിരാകാശത്ത് ആഘോഷിക്കും. 1981 മെയ് 23-ന് ഉം ഗഫയിൽ ജനിച്ച നെയാദിയുടെ വളരെ പ്രത്യേകതകളുള്ള പിറന്നാൾ ആയിരിക്കും ഇത്. ‘എ കോൾ ഫ്രം സ്‌പേസ്’ എന്ന പരിപാടിയുടെ അടുത്ത പതിപ്പിലൂടെ അദ്ദേഹം തന്റെ ജന്മദിനത്തിൽ പൊതുജനങ്ങളുമായി സംവദിക്കും.
വ്യാഴാഴ്ച അൽ ഐനിലെ യുഎഇ സർവകലാശാല ഈ പരിപാടിക്ക് ആതിഥേയത്വം വഹിക്കുമെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ അറിയിച്ചു. കഴിഞ്ഞ മാസം, ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ മുകളിലായി പരിക്രമണം ചെയ്യുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പകർത്തിയ തന്റെ ജന്മനാടിന്റെ ശ്രദ്ധേയമായ ഒരു ചിത്രം അദ്ദേഹം പങ്കിട്ടിരുന്നു.
‘എ കോൾ ഫ്രം സ്‌പേസ്’ പരിപാടി യുഎഇ യൂണിവേഴ്‌സിറ്റിയുടെ ഗ്രേറ്റ് ഹാളിൽ ഉച്ചയ്ക്ക് 2 മണിക്ക് നടക്കുമെന്നും ഉച്ചയ്ക്ക് 1 മണി മുതൽ ഹാളിലേക്കുള്ള പ്രവേശനം ആരംഭിക്കുമെന്നും മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ അറിയിച്ചു. പരിമിതമായ ഇരിപ്പിടം മാത്രം ഉള്ളതിനാൽ താൽപ്പര്യമുള്ളവർക്ക് സെന്ററിന്റെ വെബ്സൈറ്റ് സന്ദർശിച്ച് സീറ്റ് ബുക്ക് ചെയ്യാൻ സാധിക്കും.
സ്റ്റീഫൻ ബോവനൊപ്പം, ബഹിരാകാശ നടത്തം ചെയ്യുന്ന ആദ്യത്തെ അറബ് ബഹിരാകാശ സഞ്ചാരിയാണ് അൽ നെയാദി. ഏപ്രിൽ 28-ന് 7 മണിക്കൂറും 1 മിനിറ്റും നീണ്ടുനിന്ന ബഹിരാകാശ നടത്തത്തിൽ പവർ കേബിളുകളുടെ റൂട്ടിംഗും വരാനിരിക്കുന്ന ഐഎസ്എസ് റോൾ-ഔട്ട് സോളാർ അറേയുടെ ഇൻസ്റ്റലേഷന് വേണ്ടിയുള്ള അടിത്തറയും ഉൾപ്പെടുന്ന നിരവധി തയ്യാറെടുപ്പുകൾ സമർത്ഥമായി നെയാദി നിർവ്വഹിച്ചു.