വ്യായാമ നടത്തം ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും സ്പോർട്സ് പരിശീലിക്കുന്നതിന്റെയും ഭാഗമായി അജ്മാനിൽ പുതിയ നടപ്പാത ഒരുങ്ങുന്നു. ഒരു കിലോമീറ്റര്‍ നീളത്തിലുള്ള പുതിയ നടപ്പാതയാണ് അജ്മാന് നഗരസഭ ഒരുക്കുന്നത്. അൽ റാസിഖോൺ റിയൽ എസ്റ്റേറ്റ് കമ്പനിയുമായി സഹകരിച്ച് അജ്മാനിലെ അൽ ബാഹിയ സിറ്റി കേന്ദ്രീകരിച്ചാണ് പദ്ധതിയുടെ ആവിഷ്കാരം. പദ്ധതിയ്ക്ക് ഏകദേശം പത്ത് ലക്ഷം ദിര്‍ഹം ചിലവ് വരുമെന്നാണ് കണക്ക് കൂട്ടൽ.
അന്താരാഷ്ട്ര നിലവാരവും ഏറ്റവും ഉയർന്ന സവിശേഷതകളും അനുസരിച്ച് തയ്യാറാക്കിയ റബ്ബറൈസ്ഡ് പാതയാണ് അൽ ബാഹിയ സിറ്റി വാക്ക് വേ. ലിവ അജ്മാൻ ഡേറ്റ്സ് ആൻഡ് ഹണി ഫെസ്റ്റിവലിന്റെ എട്ടാം സെഷനിലാണ് പദ്ധതിയുടെ പ്രഖ്യാപനം നടന്നത്. ഹാപ്പിനസ് വാക്ക്സ് പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി.
അതേസമയം നടപ്പാതയോട് അനുബന്ധിച്ച് ആളുകള്‍ക്ക് സന്തോഷം പകരുന്നതിനും ഹരിത വിസ്തൃതി വർധിപ്പിക്കുന്നതിനും വേണ്ടി പ്രകൃതി രമണീയമായ ചുറ്റുപാടുകളും നടപ്പാതയ്ക്കൊപ്പം ഒരുക്കുന്നുണ്ട്. പാതയുടെ ഇരു വശങ്ങളിലുമായി 4,000 പൂച്ചെടികളും 170 ഈന്തപ്പനകളും നട്ടുപിടിപ്പിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൂടാതെ പദ്ധതിയുടെ ഭാഗമായുള്ള പ്രദേശത്ത് വെളിച്ചത്തിനായി സൗരോർജ്ജ പദ്ധതിയും ഒരുക്കുന്നുണ്ട്.
റീസൈക്ലിംഗ് പ്രോജക്ടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പദ്ധതി പ്രദേശത്ത് വിശ്രമത്തിനായി ഒരുക്കുന്ന കസേരകള്‍ നിർമിച്ചിരിക്കുന്നത് മാലിന്യ ശേഖരങ്ങളില്‍ നിന്നുള്ള വസ്തുക്കള്‍ ഉപയോഗപ്പെടുത്തുന്നു എന്നതാണ് നടപ്പാതയുടെ മറ്റൊരു പ്രത്യേകത. കൂടാതെ ഓട്ടോമാറ്റിക് ജലസേചന സംവിധാനത്തോട് കൂടി ഇവിടം നനക്കാന്‍ ഉപയോഗിക്കുന്ന വെള്ളവും റീസൈക്കിൾ ചെയ്ത വെള്ളമാണ്. അടുത്ത വർഷം പകുതിയോടെ പദ്ധതി പൂർണ്ണമായും പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു.