യുഎഇയുടെ 53-ാം ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായി ഓടിച്ച വാഹനങ്ങൾ അജ്മാൻ പൊലീസ് പിടിച്ചെടുത്തു. അജ്‌മാൻ ബീച്ച് റോഡിൽ വെച്ച് ഈദ് അൽ ഇത്തിഹാദ് ആഘോഷത്തിനിടെ അശ്രദ്ധമായി വാഹനമോടിച്ചതിനും മോശമായി പെരുമാറിയതിനുമാണ് പൊലീസ് നടപടി സ്വീകരിച്ചത്.
പൊലീസ് വാഹനങ്ങൾ പിടിച്ചെടുക്കുകയും ഡ്രൈവർമാരെ കസ്റ്റഡിയിലെടുത്ത് അതത് പൊലീസ് സ്‌റ്റേഷനുകളിലേക്ക് കൈമാറുകയും ചെയ്തു. പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്ന തരത്തിൽ വാഹനമോടിക്കുക, ശബ്‌ദ ശല്യം ഉണ്ടാക്കുക, വാഹന എൻജിനിൽ കാര്യമായ മാറ്റങ്ങൾ വരുത്തുക, വാഹന അലങ്കാര നിയമങ്ങൾ ലംഘിക്കുക, അനുചിതമായ പെരുമാറ്റം എന്നിവ ഉൾപ്പെടെ ദേശീയദിന ആഘോഷ നിയമങ്ങൾ ലംഘിച്ചവർക്കെതിരെയാണ് പിഴ ചുമത്തിയത്.
തുടർന്നുള്ള ദിവസങ്ങളിലും നിയമലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡ്രൈവർമാർ ജാഗ്രത പാലിക്കുമെന്നും അധികൃതർ വ്യക്തമാക്കി.