കുവൈറ്റിൽ നിന്ന് 30 കിലോ സൗജന്യ ബാഗേജിന് പുറമെയുള്ളവക്കുള്ള നിരക്ക് എയർ ഇന്ത്യ എക്സ്പ്രസ് കുത്തനെ കുറച്ചു. സൗജന്യ ബാഗേജിന് പുറമെ കൂടുതലായി വരുന്ന അഞ്ചു കിലോക്ക് മൂന്നു ദീനാറും 10 കിലോക്ക് ആറു ദീനാറും 15 കിലോക്ക് 12 ദീനാറുമാണ് പുതുക്കിയ നിരക്ക്.
അതേസമയം കുവൈറ്റിൽ നിന്നുള്ള യാത്രയ്ക്കു മാത്രമാണ് ഈ കുറവ് ബാധകമാവുക എന്ന് അധികൃതർ അറിയിച്ചു. നാട്ടിൽ നിന്ന് കൊണ്ടുവരുന്നവക്ക് മാറ്റമുണ്ടാവില്ല. ഓഫ് സീസണും യാത്രക്കാരുടെ കുറവും കണക്കിലെടുത്താണ് ബാഗേജ് നിരക്കിൽ കുറവ് വരുത്തിയത് എന്നാണ് സൂചന. ഓഫ് സീസണിൽ സൗജന്യ ബാഗേജ് 30 കിലോ എന്നത് 40 കിലോ വരെ അനുവദിക്കാറുണ്ട്. ഇതിൽ ഇതുവരെ തീരുമാനം വന്നിട്ടില്ല.
എന്നാൽ സീസണിൽ ടിക്കറ്റ് നിരക്ക് ഉയർത്തുന്നതിനൊപ്പം ബാഗേജ് നിരക്കും ഉയർത്തുകയാണ് വിമാന കമ്പനികൾ ചെയ്യാറ്. ഇതിനിടെ, വെക്കേഷൻ അവസാനിക്കാറായതും നാട്ടിൽ പോകുന്നവരുടെ എണ്ണവും കുറഞ്ഞതോടെ കുവൈറ്റിൽ നിന്ന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിലും കുറവ് വന്നു. ഈ മാസം കുവൈറ്റിൽ നിന്ന് കോഴിക്കോട്ടേക്ക് 38 ദീനാറാണ് കൂടിയ നിരക്ക്.