നിയമലംഘനം നടത്തിയതിന് ബാങ്കിന് 5 ദശലക്ഷം ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക് (സിബിയുഎഇ). കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ചതിനും അനധികൃത സംഘടനകൾക്ക് ധനസഹായം നൽകിയതിനുമാണ് യുഎഇയിൽ പ്രവർത്തിക്കുന്ന ഒരു ബാങ്കിന് പിഴ ചുമത്തിയത്.
ബാങ്കിൻ്റെ പേര് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. സെൻട്രൽ ബാങ്ക് & ഫിനാൻഷ്യൽ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളുടെയും ഓർഗനൈസേഷനും അതിൻ്റെ ഭേദഗതികളും സംബന്ധിച്ച 2018-ലെ ഫെഡറൽ ഡിക്രി ലോ നമ്പർ (14) ലെ ആർട്ടിക്കിൾ 89, 137, ഫെഡറൽ ഡിക്രി ലോ നമ്പർ (20) എന്നിവയുടെ ആർട്ടിക്കിൾ 14 പ്രകാരമാണ് സാമ്പത്തിക പിഴ ചുമത്തിയത്. സെൻട്രൽ ബാങ്കിൻ്റെ നടപടി വിദേശ ആസ്ഥാനത്തെ ഡയറക്ടർ ബോർഡിന് മുന്നിൽ അവതരിപ്പിക്കാൻ സിബിയുഎഇ, ബാങ്കിന് നിർദേശം നൽകി.
ബാങ്കിംഗ് വ്യവസായത്തിൻ്റെയും യുഎഇ സാമ്പത്തിക വ്യവസ്ഥയുടെയും സുതാര്യതയും സമഗ്രതയും സംരക്ഷിക്കുന്നതിനായി സിബിയുഎഇ സ്വീകരിച്ച യുഎഇ നിയമങ്ങളും ചട്ടങ്ങളും മാനദണ്ഡങ്ങളും എല്ലാ ബാങ്കുകളും അവയുടെ ഉടമകളും ജീവനക്കാരും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശക്തമായ പരിശോധനകൾ നടത്തിവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.