നൂതന സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലാണ് ലോകത്തിലെ ഏറ്റവും വലിയ ടെക് മേളയായ ദുബായ് ജിടെക്സ്. ജിടെക്സ് വേദിയിൽ വെച്ച് അതീവസുരക്ഷാ സംവിധാനങ്ങളുള്ള പട്രോളിങ് കാർ പുറത്തിറക്കിയിരിക്കുകയാണ് അബുദാബി പൊലീസ്.
ഡ്രൈവറില്ലാതെ സഞ്ചരിക്കുന്ന മാഗ്നം എംകെ1 എന്ന ബുള്ളറ്റ് പ്രൂഫ് കാറാണ് അബുദാബി പൊലീസ് അവതരിപ്പിച്ചിരിക്കുന്നത്. 1.5 ടൺ പേലോഡ് ശേഷിയുള്ള ഇലക്ട്രിക് സ്‌മാർട്ട് കാറിൽ 3 പൊലീസുകാർക്കും ഒരു തടവുകാരനും സഞ്ചരിക്കാം. മാത്രമല്ല, തടവുകാരെ സുരക്ഷിതമായി കൊണ്ടുപോകാനായി ഒരു സെല്ലും വാഹനത്തിലുണ്ട്.
കരയിലും കടലിലും ഒരേപോലെ സഞ്ചരിക്കാൻ സാധിക്കുന്ന രീതിയിലാണ് കാറിന്റെ രൂപകൽപന. മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയുള്ള വാഹനം 5.4 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ ഓടിയെത്തും. ഓഡിയോ, വിഷ്വൽ, വൈറ്റൽ സൈൻ മോണിറ്ററിങ് സിസ്റ്റം, ഓഫ്-റോഡ് ഓട്ടോണമസ് നാവിഗേഷൻ, ഡ്രോണുകൾക്കും മറ്റ് ഉപകരണങ്ങൾക്കുമായുള്ള സംയോജിത റേഡിയോ, സെല്ലുലർ ആശയ വിനിമയം എന്നിവയും കാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.