അബുദാബി നിവാസികൾക്ക് ആരോഗ്യ സേവനങ്ങൾ ഇനി വിരൽതുമ്പിൽ ലഭ്യമാകും. നഗരത്തിലെ എല്ലാ ആരോഗ്യ സേവനങ്ങളും നിയന്ത്രിക്കുന്നതിനായി ‘സെഹറ്റോണ’ എന്ന മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്.
ആപ്പ് വഴി ഉപയോക്താക്കൾക്ക് അപ്പോയിൻ്റ്‌മെൻ്റുകൾ ബുക്ക് ചെയ്യാനും ഓൺലൈനിൽ ആരോഗ്യവിദഗ്ധരുമായി ആശയവിനിമയം നടത്താനും സാധിക്കും. മെഡിക്കൽ റെക്കോർഡുകൾ ആക്‌സസ് ചെയ്യുന്നതിനും ഉപയോക്താക്കൾക്ക് മലാഫി പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിനും ടെസ്റ്റുകളും മരുന്നുകളും വാക്‌സിനേഷൻ റെക്കോർഡുകളും കാണാനുമെല്ലാം സെഹറ്റോണ ജനങ്ങൾക്ക് സഹായകരമാകും.
ഉപയോക്താക്കൾക്ക് എ.ഐ പവർഡ് സിംപ്റ്റം ചെക്കർ വഴി ഓൺലൈനിൽ തന്നെ അവരുടെ രോഗ ലക്ഷണങ്ങൾ പരിശോധിക്കാൻ സാധിക്കും. ലോകത്തിലെ ഏറ്റവും വലിയ ടെക് മേളയായ ജിടെക്സിൽ വെച്ചാണ് അബുദാബി ആരോഗ്യ വകുപ്പ് ആപ്പിൻ്റെ പ്രഖ്യാപനം നടത്തിയത്.