വീടുവീടാന്തരം കയറിയിറങ്ങുന്ന ഭിക്ഷക്കാരെയും പൊതു നിരത്തുകളിൽ ഭിക്ഷ യാചിക്കുന്നവരെയും ഏറെ കണ്ടിട്ടുണ്ട്. എന്നാൽ യുഎഇയിൽ വളരെയേറെ തുക സമ്പാദിക്കുന്നതിനുള്ള ലാഭകരമായ മാർഗമായി സോഷ്യൽ മീഡിയയിലെ ഭിക്ഷാടനം മാറിയിരിക്കുകയാണ് എന്ന് അബുദാബി പോലീസ് വെളിപ്പെടുത്തി. വിശുദ്ധ റമദാൻ മാസത്തിൽ യാചകർ തങ്ങളുടെ അനുകമ്പയും ദയയും ഓൺലൈനിലൂടെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ച് താമസക്കാർക്കും സന്ദർശകർക്കും ശക്തമായ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് അബുദാബി പോലീസ്.
കൂടാതെ റമദാനിൽ ഭിക്ഷാടകരുമായി ഇടപഴകുന്നതിൽ നിന്നും പണമോ സഹായത്തിനോ വേണ്ടിയുള്ള അവരുടെ വഞ്ചനാ പദ്ധതികളിൽ നിന്നും വിട്ടുനിൽക്കണമെന്ന് അബുദാബി പോലീസ് പൊതുജനങ്ങളോട് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, പള്ളികളുടെ വാതിലുകളിലും തെരുവുകളിലും മാർക്കറ്റുകളിലും മാളുകളിലും ഓൺലൈൻ വഴിയുമെല്ലാം യാചകർ പണം ചോദിക്കുന്നതിനാൽ ഭിക്ഷാടനം എന്ന പ്രതിഭാസം ഇപ്പോൾ ഒരു പൊതു ആശങ്കയായി മാറിയിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു. തെരുവിലും പൊതുസ്ഥലങ്ങളിലും സോഷ്യൽ മീഡിയ ചാനലുകളിലും തുടങ്ങി എല്ലാത്തരം ഭിക്ഷാടനത്തെയും നേരിടാൻ എല്ലാവരും കൈകോർക്കണമെന്നും അബുദാബി പോലീസ് അഭ്യർത്ഥിച്ചു.