ഭിന്നശേഷിക്കാരിയായ ഒൻപത് വയസ്സുള്ള അറബ് പെൺകുട്ടിയെ കാണാതായി ഒരു മണിക്കൂറിനുള്ളിൽ തന്നെ കണ്ടെത്തി അജ്മാൻ പോലീസ്. വെള്ളിയാഴ്‌ച രാത്രി അജ്മാനിലെ അൽ റാഷിദിയ ഏരിയയിൽ സുരക്ഷാ പട്രോളിംഗ് ആണ് കുട്ടിയെ കണ്ടെത്തിയതെന്ന് അൽ മദീന കോംപ്രിഹെൻസീവ് പോലീസ് സ്റ്റേഷൻ മേധാവി കേണൽ ഗൈത്ത് ഖലീഫ അൽ കാബി പറഞ്ഞു.
കുട്ടിയെ കണ്ടെത്തിയ ഉടനെത്തന്നെ കുട്ടിയെ ശാന്തമാക്കുകയും സിറ്റി കോംപ്രിഹെൻസീവ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്‌തു. കുട്ടി പൂർണ ആരോഗ്യവതിയാണ്. അജ്മാനിലെ സോഷ്യൽ സപ്പോർട്ട് സെന്ററിൽ നിന്നുള്ള ഒരു സാമൂഹിക പ്രവർത്തകൻ അവളെ പരിപാലിക്കാനും ആശയവിനിമയം നടത്താനും എത്തിയിരുന്നതായും അൽ കാബി അറിയിച്ചു.
അതേസമയം മാതാപിതാക്കൾ കുട്ടികളെ സംരക്ഷിക്കാനും നിരീക്ഷിക്കാനും ജാഗ്രത കാണിക്കണം. പ്രത്യേകിച്ച് ഭിന്നശേഷിക്കാർക്കെതിരെ ഉണ്ടാവുന്ന ഇത്തരം സംഭവങ്ങൾ ഉണ്ടാകാതെ നോക്കണമെന്ന് കുടുംബങ്ങളോട് അൽ കാബി ആഹ്വാനം ചെയ്തു.