അബൂദാബിയെ വെളിച്ചങ്ങൾ കൊണ്ട് അലങ്കരിക്കാൻ മനാര്‍ അബൂദബി എക്സിബിഷന്. നവംബര്‍ 15 മുതല്‍ 2024 ജനുവരി 30വരെയാണ് യുഎഇയുടെ തലസ്ഥാന നഗരിയിൽ മനാര്‍ അബൂദാബി വെളിച്ച കലാ പ്രദര്‍ശനം നടക്കുക. മനാര്‍ എന്നാല്‍ അറബിയില്‍ വിളക്കുമാടം എന്നാണര്‍ഥം. നഗരം മാത്രമല്ല,അബൂദാബിയുടെ ദ്വീപസമൂഹങ്ങളും കണ്ടല്‍ക്കാടുകളുമെല്ലാം പ്രകാശ പൂരിതമാവും. വിവിധ തരം പ്രകാശങ്ങള്‍ കൊണ്ട് പല രൂപങ്ങളും മറ്റും പ്രാദേശിക, അന്തര്‍ദേശീയ കലാകാരന്മാര് ഒരുക്കും.
അബൂദാബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പാണ് അലങ്കാര വിളക്കുകളുടെ പ്രദര്‍ശനം ഈ വര്‍ഷമാദ്യം അവതരിപ്പിച്ചത്. ഉദ്ഘാടന പതിപ്പിന്റെ ക്യുറേറ്റര്‍ അബൂദാബി കള്‍ച്ചര്‍ പ്രോഗ്രാമിങ് ഡയറക്ടറും കള്‍ച്ചറല്‍ ഫൗണ്ടേഷന് ഡയറക്ടറും അബൂദാബി പബ്ലിക് ആര്‍ട്ട് ആര്‍ട്ടിസ്റ്റിക് ഡയറക്ടറുമായ റീം ഫദ്ദയാണ്. ആലിയ സല് ലൂതയാണ് പതിപ്പിന്റെ സഹ ക്യുറേറ്റര്‍.
ലുലു, യാസ്,സഅദിയാത്ത്,ജുബൈല്‍, അല്‍ സമാലിയ, കോര്‍ണിഷ് റോഡ്, റായിദ് ഐലന്‍ഡ്സ്, മിനാ സായിദ്, ഈസ്റ്റേണ്‍ മാന്‍ഗ്രോവ്സ് തുടങ്ങിയ ഇടങ്ങളെല്ലാം വിവിധ തരം പ്രകാശരൂപങ്ങളാല് സമ്പന്നമാവും. കൂടാതെ അല്സമാലിയായില് 2.3 കിലോമീറ്റര്‍ ദൂരമാണ് സന്ദര്‍ശകര്‍ക്കായി വെളിച്ചങ്ങൾ അണിയിച്ചൊരുക്കുന്നത്. കൂടാതെ സഅദിയാത്ത് ഐലന്‍ഡില്‍ ഡ്രോണ്‍ ലൈറ്റ് ഷോയും ഉണ്ടാവും. അര്‍ജീന്റീന, ഫ്രാന്‍സ്, ജപാന്, ബെല്‍ജിയം, ഇന്ത്യ, മെക്സിക്കോ, പലസ്തീന്, സൗദി അറേബ്യ, തായ് വാന്‍, യുഎഇ, യുകെ, തുണീഷ്യ, യുഎസ് തുടങ്ങി ലോകത്തുടനീളമുള്ള കലാകാരന്മാര് അണിയിച്ചൊരുക്കുന്ന 35 പ്രത്യേക കലാസൃഷ്ടികള്‍ പ്രദര്ശനത്തിനുണ്ടാവുമെന്നാണ് സംഘാടകർ അറിയിച്ചു.