അബുദാബിയിൽ ഓവർടേക്കിംഗിന് പുതിയ നിർദ്ദേശം നടപ്പിലാകുന്നു. ഭാരവാഹനങ്ങൾക്ക് രണ്ടാമത്തെ വലത് പാതയിലൂടെ മറ്റ് വാഹനങ്ങളെ മറികടക്കാനുളള അനുമതിയാണ് നൽകിയത്. പുതിയ നിർദ്ദേശങ്ങൾ 2024 ജനുവരി 29 തിങ്കളാഴ്ച മുതൽ നിലവിൽവരും
ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇൻ്റർനാഷണൽ സ്ട്രീറ്റിലെ ബെനോന പാലം മുതൽ ഇക്കാദ് പാലം വരെ ഇരു ദിശകളിലേക്കും ഹെവി വാഹനങ്ങൾ മറികടക്കാൻ രണ്ടാമത്തെ വലത് പാത ഉപയോഗിക്കാനാണ് പ്രധാന നിർദ്ദേശം. ഹെവി വാഹനമോടിക്കുന്നയാൾ ആദ്യം സൈഡ് മിററുകൾ പരിശോധിച്ച് ഓവർടേക്ക് ചെയ്യുന്നതിനുമുമ്പ് ബ്ലൈൻഡ് സ്പോട്ടുകൾ ഇല്ലെന്ന് ഉറപ്പാക്കണം. ഇതിനുശേഷം അവർ നേരത്തെ തന്നെ സിഗ്നലുകൾ ഉപയോഗിക്കണം. ഓവർടേക്ക് ചെയ്ത ശേഷം വലത് ലെയിനിലേക്ക് മടങ്ങുകയും വേണമെന്നാണ് നിർദ്ദേശം.
അതേസമയം ഓവർടേക്ക് ചെയ്യാനല്ലാതെ ഡ്രൈവർമാർ റോഡിൻ്റെ വലത് ലെയ്നിൽ പറ്റിനിൽക്കണമെന്നും നിർദ്ദേശമുണ്ട്. സ്വന്തം സുരക്ഷയ്ക്കും മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്കും മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ ഡ്രൈവർമാർ തയ്യാറാകണമെന്നും അധികൃതർ നിർദ്ദേശിച്ചു.യുഎഇയിലെ ഗതാഗത സുരക്ഷയുടെ നിലവാരം ഉയർത്താനും ലോജിസ്റ്റിക് ഗതാഗത മേഖലയെ ശക്തിപ്പെടുത്താനുമാണ് തീരുമാനം.
ട്രാഫിക് പട്രോളിംഗും സ്മാർട്ട് സംവിധാനങ്ങളും ഉപയോഗപ്പെടുത്തി നിരീക്ഷണം ശക്തമാക്കുമെന്നും ഓവർടേക്ക് നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടി ഉണ്ടാകുമെന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.