ആദ്യത്തെ സമ്പൂർണ്ണ ഇലക്ട്രിക് ട്രക്ക് അബുദാബിയിൽ പുറത്തിറക്കി. കാർബൺ രഹിത യുഎഇ 2050 പദ്ധതിക്ക് മുന്നോടിയായാണ് ട്രക്ക് പുറത്തിറക്കിയത്. ഗാർഹിക മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായാണ് ഇവ ഉപയോഗിക്കുക. ഒരു തവണ ചാർജ് ചെയ്താൽ 200 കി.മീ വരെ സഞ്ചരിക്കാമെന്ന് മാലിന്യനിർമ്മാർജന വിഭാഗമായ തദ് വീർ അറിയിച്ചു.
വിജയകരമായാൽ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കും. വർഷത്തിൽ 1,000 കാറുകൾ റോഡുകളിൽ നിന്ന് നീക്കം ചെയ്യുന്നതിന് തുല്യമാണിതെന്ന് അധികൃതർ വിശദീകരിച്ചു. ഇലക്ട്രിക് വാഹനങ്ങൾ വ്യാപകമാക്കുന്നതിന്റെ ഭാഗമായി യുഎഇയിൽ ഉടനീളം 800ലേറെ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും.
റെനോ ട്രക്ക്സ് മിഡിൽ ഈസ്റ്റ്, അൽ മസാഊദ് എന്നിവയുമായി സഹകരിച്ചാണ് ഇലക്ട്രിക്കൽ ട്രക്ക് പുറത്തിറക്കിയത്. ആഗോളതാപനം കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നതിൽ ഇലക്ട്രിക് ട്രക്കുകൾക്ക് നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും അതിൽ അഭിമാനിക്കുന്നുണ്ടെന്നും റെനോ ട്രക്ക്സ് ഇന്റർനാഷനൽ പ്രസിഡന്റ് ഒലിവിയർ ഡി. സെന്റ് മെലൂക്ക് പറഞ്ഞു.