ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് ടെർമിനലുകളിലൊന്ന് നവംബർ 1 മുതൽ അബുദാബിയിൽ പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുകയാണ്. മുൻ ടെർമിനലിന്റെ മൂന്നിരട്ടി വലിപ്പത്തിൽ, അബുദാബി ഇന്റർനാഷണൽ എയർപോർട്ടിന്റെ ടെർമിനൽ എ യിൽ 28 എയർലൈനുകൾ ലോകമെമ്പാടുമുള്ള 117 ഡെസ്റ്റിനേഷനുകളിലേക്ക് പറന്നു തുടങ്ങും.
അബുദാബി എയർപോർട്ട്സ് പറയുന്നതനുസരിച്ച്, പുതിയ ടെർമിനലിലെ ആദ്യ യാത്രക്കാരെ സ്വീകരിക്കാൻ എല്ലാ പ്രധാന സേവനങ്ങളും സൗകര്യങ്ങളും ഇപ്പോൾ തയ്യാറായികഴിഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളിൽ എയർലൈനുകൾ ടെർമിനലിലേക്ക് മാറും.
നവംബർ 1 മുതൽ 14 വരെ വിമാനക്കമ്പനികളുടെ പരിവർത്തന കാലയളവായിരിക്കും. ഇതിനർത്ഥം എല്ലാ ടെർമിനലുകളും – എ, 1, 2, 3 – ഒരേസമയം പ്രവർത്തിക്കും. നവംബർ 15 മുതൽ എല്ലാ എയർലൈനുകളും ടെർമിനൽ എയിൽ നിന്ന് മാത്രമായി പ്രവർത്തിക്കും.
നവംബർ 1: വിസ് എയർ അബുദാബിയും മറ്റ് 15 അന്താരാഷ്ട്ര എയർലൈനുകളും പുതിയ ടെർമിനലിൽ നിന്ന് പറന്നു തുടങ്ങും.
നവംബർ 9: ഇത്തിഹാദ് എയർവേയ്‌സ് പ്രതിദിനം 16 ഫ്‌ളൈറ്റുകൾ നടത്തും.
നവംബർ 14: ഇത്തിഹാദ്, എയർ അറേബ്യ അബുദാബി എന്നിവയുൾപ്പെടെ 28 എയർലൈനുകളും ടെർമിനൽ എയിൽ നിന്ന് പൂർണമായി പ്രവർത്തിക്കും.