അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യാസ് ദ്വീപിന്റെ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന പുതിയ റെസിഡൻഷ്യൽ ഡെവലപ്മെന്റ് പദ്ധതി ബൽഗൈലം ആരംഭിച്ചു.
അബുദാബി ഹൗസിംഗ് അതോറിറ്റി (ADHA) യുമായി സഹകരിച്ചാണ് അൽദാർ പ്രോപ്പർട്ടീസ് 8 ബില്യൺ ദിർഹമിന്റെ പദ്ധതി വികസിപ്പിക്കുന്നത്. എമിറേറ്റിലെ കുടുംബ സുസ്ഥിരതയും സമൂഹ ക്ഷേമവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള അബുദാബി സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി.
2026-ഓടെ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയിൽ 1,743 ഉയർന്ന നിലവാരമുള്ള റെഡി-ബിൽറ്റ് വീടുകളും വിശാലമായ സൗകര്യങ്ങളിലേക്കുള്ള പ്രവേശനവും വാഗ്ദാനം ചെയ്യും. പദ്ധതിയുടെ ലോഞ്ച് വേളയിൽ കിരീടാവകാശി പദ്ധതിയുടെ ഡിസൈൻ സവിശേഷതകൾ അവലോകനം ചെയ്തു. ഉയർന്ന നിലവാരമുള്ള ഭവനങ്ങൾ കൂടാതെ ബൽഗൈലം റെസിഡൻഷ്യൽ പ്രോജക്റ്റിൽ സ്‌കൂളുകൾ, പള്ളികൾ, റീട്ടെയിൽ, എഫ് ആൻഡ് ബി ഔട്ട്ലെറ്റുകൾ, സ്പോർട്സ് സെന്ററുകൾ, കമ്മ്യൂണിറ്റി ഗാർഡനുകൾ, കളിസ്ഥലങ്ങൾ, പാർക്കുകൾ, കുതിരസവാരി കേന്ദ്രം എന്നിവ ഉൾപ്പെടുന്നു.
അംഗീകൃത ഡെവലപ്പർമാർ വികസിപ്പിച്ച റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളിൽ പൊതു-സ്വകാര്യ പങ്കാളിത്തം പ്രയോജനപ്പെടുത്തുന്നതിനും എമിറേറ്റുകൾക്ക് അനുയോജ്യമായ ഭവനം നൽകുന്നതിനുമുള്ള അബുദാബി ഗവൺമെന്റിന്റെ പദ്ധതിക്ക് അനുസൃതമാണ് ഈ പദ്ധതി.