അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ ആരംഭിച്ച രാജ്യാന്തര പുസ്തക മേളയ്ക്ക് തിരക്കേറുന്നു. വിദ്യാര്‍ത്ഥികളും വിജ്ഞാന കുതുകികളുമായ സന്ദര്‍ശകരാണ് ആദ്യ ദിനം മുതല്‍ മേളയെ സമ്പന്നമാക്കുന്നത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാനാണ് മേള ഉദ്ഘാടനം ചെയ്തത്. മേളയില്‍ ഏഴ് വിഭാഗങ്ങളിലായി സാഹിത്യകാരന്മാരെയും എഴുത്തുകാരെയും ചിന്തകരെയും ആദരിച്ചു.
ലോക പ്രശസ്ത എഴുത്തുകാരുടെ കയ്യൊപ്പോടുകൂടി പുസ്തകം വാങ്ങാനും മേളയിൽ അവസരമുണ്ട്. വിവധ രാജ്യങ്ങളില്‍ നിന്നായി ആയിരത്തോളം പ്രസാധകരാണ് പങ്കെടുക്കുന്നത്. ഇന്ത്യയിലെ പ്രമുഖ പ്രസാധകരും മേളയിലുണ്ട്. മലയാള സാനിധ്യമായി ഡിസി ബുക്സും മേളയിലുണ്ട്. വിവിധ സംവാദ പരിപാടികളും സെമിനാറുകളും കുട്ടികൾക്കായുളള പ്രത്യേക വിനോദ പരിപാടികളും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
അതേസമയം, യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്‍റെ നിര്‍ദ്ദേശം അനുസരിച്ച് അന്താരാഷ്ട്ര പുസ്തക മേളയില്‍ ആറു ദശലക്ഷം ദിര്‍ഹമിന്റെ പുസ്തകങ്ങള്‍ സൗജന്യമായും വിതരണം ചെയ്യും. യുഎഇയിലെ ലൈബ്രറികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കാണ് പുസ്തകങ്ങൾ സൗജന്യമായി ലഭിക്കുക.
ജര്‍മ്മനിയാണ് ഇക്കുറി പ്രത്യേക്ഷണിതാവായ രാജ്യം. കഴിഞ്ഞ വര്‍ഷം വെര്‍ച്വല്‍ മേളയാണ് സംഘടിപ്പിച്ചിരുന്നത്. കോവിഡ് മാനദണ്ഡങ്ങളോടെയാണ് മേളയില്‍ പ്രവേശനാനുമതി.
ഈ മാസം 29 വരെ രാവിലെ 9 മുതൽ രാത്രി 10 വരെയാണ് പുസ്തകമേള.. ഒന്നര ലക്ഷത്തിലേറെ പേർ മേളയില്‍ എത്തുമെന്നാണ് പ്രതീക്ഷ. അബുദാബി സാംസ്കാരിക, വിനോദ സഞ്ചാര വിഭാഗവും അറബിക് ലാംഗ്വേജ് സെന്ററും ചേർന്നാണ് മേള സംഘടിപ്പിക്കുന്നത്.