അബുദാബിയിലെ ഒരു കമ്മ്യൂണിറ്റി പൂളിൽ നീന്തുന്നതിനിടെ പതിനൊന്ന് വയസ്സുകാരന് ഹൃദയാഘാതം. അപകടര നിമിഷത്തെ തരണം ചെയ്യാൻ സഹായിച്ചത് അമ്മയുടെ സമയോചിത ഇടപെടൽ. സ്കോട്ട്‌ലൻഡിൽ നിന്നുള്ള 45 കാരിയായ മാർട്ടിന മക്‌ഗീഹാനാണ് 11 കാരനായ ലിയോനാർഡോയെ തക്ക സമയത്ത് സിപിആർ നൽകി ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.
കുടുംബ വിനോദയാത്രയ്ക്കിടെയാണ് സംഭവം. കുട്ടി അപകടാവസ്ഥയിലാണെന്ന് തിരിച്ചറിഞ്ഞ മാർട്ടിന മക്‌ഗീഹാൻ തക്ക സമയത്ത് ഇടപെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരും റസിഡൻഷ്യൽ ഏരിയയിലെ താമസക്കാരും കുട്ടിയെ കരയ്ക്കെത്തിക്കാൻ സഹായിച്ചു. ഇതോടെ സിപിആർ നൽകി പരിചയമുളള അമ്മതന്നെ കുട്ടിക്ക് പ്രാഥമിക ചികിത്സ നൽകുകയായിരുന്നു.
സംഭവമറിഞ്ഞ് ഉടൻതന്നെ ആംബുലൻസ് സംഘവും രക്ഷയ്ക്കെത്തി. കുട്ടിയെ പിന്നീട് വിദഗ്ദ ചികിത്സക്കായി ബുർജീൽ മെഡിക്കൽ സിറ്റിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് വോൾഫ്-പാർക്കിൻസൺ-വൈറ്റ് സിൻഡ്രോം എന്ന ഹൃദയ വൈകല്യമുണ്ടെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. ആയിരത്തിൽ ഒരാൾക്ക് കാണപ്പെടുന്ന അപൂർവ്വ രോഗമാണിതെന്നും ഡോക്ടർമാർ പറഞ്ഞു.
ധൈര്യത്തോടെ ഇടപെടാൻ കഴിഞ്ഞതും കുട്ടിയെ ജീവിതത്തിലേക്ക് മടിക്കിയെത്തിക്കാൻ കഴിഞ്ഞതും അസാധാരണമായ ഭാഗ്യമായി തോന്നുന്നുവെന്ന് പിന്നാട് മാർട്ടിന മക്‌ഗീഹാൻ പറഞ്ഞു. തൻ്റെ ജീവിതത്തിലെ ഏറ്റവും ആഘാതകരമായ അനുഭവങ്ങളിലൊന്നാണിതും മാർട്ടിന മക്ഗീഹാൻ കൂട്ടിച്ചേർത്തു. എല്ലാവരിൽ നിന്നും ലഭിച്ച സഹായത്തിന് നന്ദിയും പറഞ്ഞു.