എമിറേറ്റിലെ എല്ലാ പബ്ലിക് ബസുകളുടെയും ടിക്കറ്റ് ചാർജ്ജ് ഏകീകരിക്കുന്നതായി അബുദാബി ട്രാൻസ്പോർട്ട് അതോറിറ്റി. നഗരത്തിലെയും സബർബൻ പ്രദേശങ്ങളിലെയും അടിസ്ഥാന ബസ് നിരക്ക് ഇപ്പോൾ 2 ദിർഹവും കൂടാതെ കിലോമീറ്ററിന് 5 ഫിൽസും ആയിരിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) വ്യക്തമാക്കി.
ലക്ഷ്യസ്ഥാനത്തെത്താൻ ഒന്നിലേറെ ബസുകളിൽ കയറി യാത്ര ചെയ്യേണ്ട സാഹചര്യത്തിൽ ഇനി മുതൽ, അടിസ്ഥാന നിരക്കായ രണ്ട് ദിർഹം ഒറ്റത്തവണ നൽകിയാൽ മതി. പിന്നീടുള്ള ഒരോ കിലോമീറ്ററിനും അഞ്ച് ഫിൽസ് വീതം നൽകണം. ഇത്തരത്തിൽ ഒരുവശത്തേക്കുള്ള യാത്രനിരക്ക് പരമാവധി അഞ്ച് ദിർഹമായി നിജപ്പെടുത്തി.
ഒരു യാത്രക്കാരൻ ഒന്നിൽ കൂടുതൽ ബസുകൾ കയറുമ്പോൾ (നഗരത്തിൽ നിന്ന് പ്രാന്തപ്രദേശങ്ങളിലേക്കോ തിരിച്ചോ)- അയാൾക്ക് 2 ദിർഹം അടിസ്ഥാന നിരക്ക് ഒന്നിലധികം തവണ നൽകേണ്ടതില്ലെന്ന് ഐറ്റിസി വിശദീകരിച്ചു. യാത്രയുടെ അവസാനം ‘ഹഫലത്ത്’ സ്മാർട്ട് കാർഡ് വഴി പണമടച്ചാൽ, യാത്രക്കാരുടെ ബോർഡിംഗ് ഡെസ്റ്റിനേഷൻ മുതൽ ഡ്രോപ്പ് ഓഫ് വരെയുള്ള പണമായി കണക്കാക്കുന്നുവെന്ന് ഐടിസി പറഞ്ഞു.
ഈ ആനുകൂല്യം നിബന്ധനകൾക്ക് വിധേയമാണ്:
നിശ്ചിത സമയത്തിനുള്ളിൽ യാത്രക്കാരൻ ബസ് മാറികയറണം
മാറ്റങ്ങളുടെ എണ്ണം രണ്ട് തവണയിൽ കൂടരുത്, അതായത് പരമാവധി മൂന്ന് ബസുകൾ ഉപയോഗിച്ച് യാത്ര പൂർത്തിയാക്കണം.
തിരിച്ചുള്ള യാത്രയുടെ ദിശയിൽ മാറ്റം ഉണ്ടാകരുത്.