യുഎഇ ദേശീയ ദിനത്തിന്റെ ഭാഗമായി നാല് എമിറേറ്റുകളിൽ ട്രാഫിക് പിഴകളിൽ 50 ശതമാനം കിഴിവ് പ്രഖ്യാപിച്ചു. ഫുജൈറ, റാസൽഖൈമ, ഉം അൽ ഖുവൈൻ, അജ്മാൻ എന്നീ എമിറേറ്റുകളിലാണ് വാഹനയാത്രക്കാർക്ക് ട്രാഫിക് പിഴകളിൽ ഇളവ് അനുവദിച്ചത്.
നാളെ മുതൽ 53 ദിവസത്തേക്ക് പിഴകളിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് ഫുജൈറ പോലീസ്. ഡിസംബർ ഒന്നിന് മുമ്പ് നടത്തുന്ന ഗതാഗത നിയമലംഘനങ്ങൾക്കാണ് ഇളവ്. വാഹനങ്ങൾ പിടിച്ചെടുക്കൽ, റദ്ദാക്കൽ, ട്രാഫിക് ബ്ലാക്ക് പോയിൻ്റുകൾ എന്നിവയും ഒഴിവാക്കും. അതേസമയം, ഗുരുതരമായ ലംഘനങ്ങൾക്ക് ഇളവ് ഉണ്ടായിരിക്കില്ല.
ഡിസംബർ 1 മുതൽ ഡിസംബർ 31 വരെ റാസൽഖൈമ പോലീസ് 50 ശതമാനം ട്രാഫിക് പിഴയിൽ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾ ഒഴികെ ഡിസംബർ 1-ന് മുമ്പ് ചെയ്യുന്ന നിയമലംഘനങ്ങളുടെ പിഴയിൽ ഇളവ് നൽകുമെന്നാണ് അധികൃതർ പറഞ്ഞത്.
ഉം അൽ ഖുവൈൻ പോലീസ് ഡിസംബർ 1 മുതൽ 2025 ജനുവരി 5 വരെ 50 ശതമാനം ട്രാഫിക് പിഴ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 1-ന് റേറ്റിൽ നടക്കുന്ന എല്ലാ ട്രാഫിക് നിയമലംഘനങ്ങൾക്കും ഈ തീരുമാനം ബാധകമാണ്. അജ്മാൻ പോലീസ് നവംബർ 4 മുതൽ ഡിസംബർ 15 വരെയുള്ള ട്രാഫിക് പിഴകളിൽ 50 ശതമാനം കിഴിവ് പ്രഖ്യാപിച്ചിരുന്നു. ഒക്ടോബർ 31-ന് മുമ്പ് എമിറേറ്റിൽ നടത്തുന്ന എല്ലാ പിഴകൾക്കുമാണ് ഇളവ് ലഭിക്കുക.