യുഎഇ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. 2050-ഓടെ യുഎഇ റോഡുകളിലെ മൊത്തം വാഹനങ്ങളുടെ 50 ശതമാനവും ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളായിരിക്കും. ഒപ്പം പുനരുപയോഗിക്കാവുന്നവയിൽ നിന്നുള്ള വൈദ്യുതി ഉൽപാദന ശേഷി മൂന്നിരട്ടിയാക്കും.
28-ാമത് യുഎൻ കാലാവസ്ഥാ വ്യതിയാന കോൺഫറൻസിൽ (COP28) സംസാരിക്കവെ യുഎഇ ഊർജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്റൂയിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2023 ജൂൺ വരെ രാജ്യത്ത് 81,000 ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾ നിരത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഫോസിൽ ഇന്ധനങ്ങളെ ഏറ്റവുമധികം ആശ്രയിക്കുന്ന മേഖല എന്ന നിലയിൽ ഗതാഗത മേഖലയാണ് കൂട്ടായ ഡീകാർബണൈസേഷൻ ഡ്രൈവിന്റെ ഒന്നാമത്തെ ലക്ഷ്യ മേഖലയെന്ന് അൽ മസ്റൂയി എടുത്തുപറഞ്ഞു. ഗതാഗത മേഖലയെ ഡീകാർബണൈസ് ചെയ്യുന്നതിൽ ഹൈഡ്രജൻ നിർണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2031 ഓടെ പ്രതിവർഷം 1.4 ദശലക്ഷം ടൺ കുറഞ്ഞ കാർബൺ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കാനും 2050 ഓടെ ഉത്പാദനം 15 ദശലക്ഷം ടണ്ണായി ഉയർത്താനും ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.