ഏപ്രിൽ ഒന്നിന് ശേഷമുള്ള ഗതാഗത പിഴയിൽ 35 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഷാർജ. ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് പുതിയ തീരുമാനം. നിയമലംഘനം നടന്ന് 60 ദിവസത്തിനുള്ളിൽ പിഴയടക്കുന്നവർക്കാണ് 35 ശതമാനം ഇളവെന്ന് അധികൃതർ അറിയിച്ചു.
വാഹനം കണ്ടുകെട്ടിയതിന്റെ ഫീസിനും 35 ശതമാനം പിഴ ഇളവ് ബാധകമാണ്. രണ്ട് മാസത്തിനും ഒരു വർഷത്തിനും ഇടയിലാണ് പിഴ തിരിച്ചടക്കുന്നതെങ്കിൽ 25 ശതമാനം ഇളവ് അനുവദിക്കാനും തീരുമാനം. എന്നാൽ വാഹനം കണ്ടുകെട്ടിയതിന്റെ ഫീസ് പൂർണമായും അടക്കേണ്ടിവരുമെന്നും ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ വ്യക്തമാക്കി.
മാർച്ച് 31 വരെ ഗതാഗത പിഴയുടെ 50 ശതമാനം പിഴ ഇളവ് അനുവദിച്ചിരുന്നു. ഈ കാലാവധി അവസാനിച്ച ശേഷമാണ് പുതിയ ഇളവ് പ്രഖ്യാപിച്ചത്. റമദാൻ കാലത്തെ ഇളവ് നിരവധി ആളുകൾക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.