47-ആമത് സായുധ സേന ഏകീകരണ വാർഷികം സമുചിതമായി ആചരിച്ച് യുഎഇ. സൈന്യത്തെ അഭിസംബോധന ചെയത് യുഎഇ ഭരണാധികാരികൾ സൈനിക സംഭാവനകളെ അനുസ്മരിക്കുകയും അഭിന്നന്ദിക്കുകയും ചെയ്തു. ഏകീകരണ കരാർ ഒപ്പിട്ട അബു മുറൈഖയിലാണ് പ്രധാന ആഘോഷം നടന്നത്. ചടങ്ങിൽ യുഎഇ സായുധ സേനയുടെ സുപ്രീം കമാൻഡർ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു. സൈനിക പ്രവർത്തനങ്ങളിൽ സായുധ സേനാ മെഡലുകൾ നേടിയ സൈനികരെയും സിവിലിയൻ ഉദ്യോഗസ്ഥരെയും യുഎഇ പ്രസിഡൻ്റ് ആദരിച്ചു.
രാജ്യത്തിൻ്റെ വികസന പ്രക്രിയയെ സംരക്ഷിക്കുന്നതിലും ദേശീയ നേട്ടങ്ങൾ സംരക്ഷിക്കുന്നതിലും സായുധ സേനയിലെ നിലവിലുള്ളതും മുൻകാലവുമായ അംഗങ്ങളുടെ ദേശീയ പങ്കിനെയും ആത്മാർത്ഥമായ സംഭാവനകളെയും ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു. യുഎഇയുടെ സ്ഥാപക നേതാക്കളായ അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റേയും അദ്ദേഹത്തിൻ്റെ സഹോദരങ്ങളുടെയും പ്രയത്നവും പരിപാടി പ്രകടമാക്കി.
ആഘോഷത്തിൽ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോടതിയിലെ പ്രത്യേക കാര്യ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ എന്നിവർക്കൊപ്പം വിവിധ ബ്രാഞ്ചുകളിലെ സായുധ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരും കമാൻഡർമാരും പങ്കെടുത്തു. യുഎഇയുടെ ഐക്യം ശക്തിപ്പെടുത്തുന്നതിലും സമാധാനത്തിനും സ്ഥിരതയ്ക്കും പിന്തുണ നൽകുന്ന നേട്ടങ്ങൾ, പങ്ക്, മാനുഷിക നിലപാടുകൾ എന്നിവ സംരക്ഷിക്കുന്നതിലും ഏകീകരണത്തിൻ്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന പ്രവർത്തനങ്ങളും സംഘടിപ്പിച്ചിരുന്നു.
യുഎഇയെ സംബന്ധിച്ച് സായുധ സേന ഏകീകരണം മർമ്മ പ്രധാന തീരുമാനമായിരുന്നെന്ന് വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും പറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി വൈകിട്ട് ദുബായ് ബുർജ് ഖലീഫയിലും അബുദാബി അഡ്നോക്കിലും പ്രത്യേക ലേസർ ഷോയും സംഘടിപ്പിച്ചിച്ചുണ്ട്.