ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) 29-ാ മത് എഡിഷന് നാളെ തുടക്കമാകും. ഡിസംബർ 8 മുതൽ ജനുവരി 14 വരെ 38 ദിവസമാണ് ഫെസ്റ്റിവൽ നടക്കുക. എമിറാത്ത് പെട്രോളിയം അവതരിപ്പിക്കുന്ന സൗജന്യ ദുബായ് ലൈറ്റ്സ് DSF ഡ്രോൺ ഷോയും നാളെ ഉണ്ടാകും. ഇത് കൂടാതെ ആകാശത്ത് വരയ്ക്കുന്ന രീതിയിലുള്ള അത്യാധുനിക ഡ്രോൺ സാങ്കേതികവിദ്യ സ്റ്റോറി ദി ബീച്ചിലും ജെബിആർ, ബ്ലൂവാട്ടേഴ്‌സ് എന്നിവിടങ്ങളിൽ നടക്കും. രാത്രി 8 മണിക്കും രാത്രി 10 മണിക്കുമാണ് ഈ വിസ്മയ കാഴ്ച ഉണ്ടാകുക.
അതേസമയം ഈ വർഷത്തെ ഷോയിൽ ഓരോ രാത്രിയിലും രണ്ട് പുതിയ ഡിസ്പ്ലേകളും ഉണ്ടായിരിക്കും. 800-ഓളം ഡ്രോണുകൾ ഉപയോഗിച്ചായിരിക്കും ഷോ നടത്തുക. ഷോപ്പിങ് ഫെസ്റ്റിവലിന്റെ സമയത്ത് എല്ലാ ദിവസവും ആവേശകരമായ പരിപാടികൾ കാണികൾക്ക് അനുഭവിക്കാൻ സാധിക്കുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്.
അറബ് ലോകത്തെ പ്രമുഖ ആർട്ടിസ്റ്റുകളായ അഹം അൽ ഷംസി, അസ്സലാ നസ്റി എന്നിവർ നയിക്കുന്ന മ്യൂസിക്കൽ ഇവന്റുകളും ഇത്തവണ സന്ദർശകർക്ക് പുതിയ അനുഭവം നൽകും. ഡിസംബർ 15– കൊക്കോ കോള അരീനയിൽ രാത്രിയാണ് ഇവരുടെ സംഗീതവിരുന്ന് നടക്കുക. ഇതോടൊപ്പം തന്നെ രാജ്യാന്തരവും പ്രാദേശികവുമായ സംഗീതജ്ഞർ അവതരിപ്പിക്കുന്ന സംഗീതവിരുന്നുകൾ, എക്സ്ക്ലൂസീവ് ഷോപ്പിങ്, ബാസ്‌കറ്റ്ബാൾ മത്സരങ്ങൾ, വിവിധ ഇൻസ്റ്റലേഷൻസ്, വെടിക്കെട്ട് തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട്.