റമദാൻ മാസത്തിൽ നടത്തിയ പരിശോധനയിൽ സ്ത്രീകളും പുരുഷന്മാരും കുട്ടികളും പ്രായമായവരുമടക്കം 222 യാചകരെ അറസ്റ്റ് ചെയ്തതായി ഷാർജ പോലീസ്. ‘ഭിക്ഷാടനം നടത്തുന്നതും പ്രോത്സാഹിപ്പിക്കുന്നതും കുറ്റകരമാണെന്ന ക്യാമ്പൈനിലാണ് പരിശോധന നടന്നത്.
194 പുരുഷന്മാരെയും 28 സ്ത്രീകളെയുമാണ് അറസ്റ്റ് ചെയ്തതത്. ഷാർജ പോലീസ് നേരിട്ടും ഫീൽഡ് കാമ്പെയ്‌നുകൾ വഴിയും ഭിക്ഷാടകർക്കെതിരായ നടപടി സ്വീകരിച്ചെന്ന് പൊലീസ് ടീം മേധാവി ലെഫ്റ്റനന്റ് കേണൽ ജാസിം മുഹമ്മദ് ബിൻ താലിയ പറഞ്ഞു. പോലീസ് പട്രോളിംഗും ശക്തമാക്കിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശങ്ങൾ നടപ്പാക്കുന്നതിലും നിഷേധാത്മകമായ രീതികൾ കുറയ്ക്കാനുള്ള ഷാർജ പോലീസിൻ്റെ ശ്രമങ്ങളുടെ ഭാഗമായാണ് നടപടികളുണ്ടായതെന്നും മുഹമ്മദ് ബിൻ താലിയ കൂട്ടിച്ചേർത്തു.
അതേസയമം ഭിക്ഷാടനത്തിനെതിരായ ക്യാമ്പൈനുകൾ തുടരുമെന്നും അധികൃതർ സൂചിപ്പിച്ചു. മസ്ജിദുകൾ വഴിയും സോഷ്യൽമീഡിയ വഴിയും ബോധവൽക്കരണം ശക്തമാക്കും. വാചക സന്ദേശങ്ങളിലൂടെയും വിവിധ സോഷ്യൽ മീഡിയകളിലൂടെയും സുരക്ഷാ ബോധവൽക്കരണ ചാനലുകൾ വൈവിധ്യവത്കരിക്കാനാണ് അതോറിറ്റി ശ്രമിക്കുന്നതെന്ന് ഷാർജ പോലീസിലെ മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ആരിഫ് ഹസൻ ബിൻ ഹുദൈബും വ്യക്തമാക്കി.