ഡെലിവറി ബൈക്ക് മോഷ്ടിച്ച് കത്തിച്ച സംഭവത്തിൽ 17 കാരനെ ദുബായ് പോലീസ് പിടികൂടി. ഇതിന് ശേഷം ഈ കൗമാരക്കാരനെ ജുഡീഷ്യൽ പ്രൊബേഷനിൽ പാർപ്പിച്ചതായി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. എമിറേറ്റിലെ ജുവനൈൽ കോടതി മോഷണം, തീകൊളുത്തൽ എന്നീ കുറ്റങ്ങളാണ് 17 കാരന്റെയും കൂട്ടാളിയുടെയും മേൽ ചുമത്തിയിരിക്കുന്നത്. റസ്റ്റോറന്റിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് ഇരുവരും ചേർന്ന് മോഷ്ടിച്ച ശേഷം കടന്ന് കളയുകയായിരുന്നു.
മറ്റൊരു പ്രദേശത്ത് എത്തി മോട്ടോർബൈക്കിൽ നിന്ന് ഇറങ്ങിയതിന് ശേഷം പ്രതികൾ ബൈക്കിന്റെ പെട്രോൾ ട്യൂബ് പുറത്തെടുത്ത് കത്തിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുഡീഷ്യൽ പ്രൊബേഷനിൽ വിടാൻ കോടതി ഉത്തരവിട്ടതായി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ പറഞ്ഞു. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട മറ്റൊരാളെ കോടതിയിലേക്ക് റഫർ ചെയ്തിട്ടുമുണ്ട്.
അതേസമയം കുട്ടികളുടെ പെരുമാറ്റം എപ്പോഴും നിരീക്ഷിക്കാനും സമൂഹത്തിലെ ഉത്തരവാദിത്തമുള്ള അംഗങ്ങളാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരെ ബോധവത്കരിക്കാനും അതോറിറ്റി മാതാപിതാക്കളോട് അഭ്യർത്ഥിച്ചു. നിയമം മനസ്സിലാക്കുന്നതും ഇതിൽ പ്രധാനമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.