നമ്പിയൊ ഡോട്ട് കോമിന്റെ 2023 ലെ റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ യുഎയിക്ക് നേട്ടം. ആദ്യ പത്തില്‍ യുഎഇയിലെ നാല് നഗരങ്ങളാണ് ഇടം പിടിച്ചത്. പട്ടികയില്‍ അബുദാബി ഒന്നാം സ്ഥാനത്തെത്തി. അതേസമയം അജ്മാൻ നാലാം സ്ഥാനത്തും ഷാർജ, ദുബായ് നഗരങ്ങൾ യഥാക്രമം അഞ്ചും ഏഴും സ്ഥാനങ്ങൾ കരസ്ഥമാക്കി.
യുഎഇയുടെ ആഗോള സ്ഥാനം സ്ഥാപിക്കുന്നതാണ് റേറ്റിംഗുകൾ. സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവയ്‌ക്ക് അനുയോജ്യമായ ലക്ഷ്യസ്ഥാനമായാണ് യുഎഇയെ കണക്കാക്കുന്നത്. ഫെഡറൽ സുപ്രീം കൗൺസിൽ അംഗം ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി നൽകിയ ശ്രദ്ധയുടെ ഫലമായാണ് അജ്മാൻ സുരക്ഷാ റാങ്കിംഗ് നേടിയതെന്ന് അജ്മാൻ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു.
കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനും റോഡുകളിലെ ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളോട് വേഗത്തിൽ പ്രതികരിക്കുന്നതിനും ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിനുമായി യുഎഇ നടപ്പാക്കുന്ന മികച്ച പദ്ധതികളാണ് നേട്ടത്തിലെത്തിച്ചത്.