പാലസ്തീന് സഹായഹസ്തം വാഗ്ദാനം ചെയ്ത് യുഎഇ. 1.5 കോടി ഡോളറാണ് പാലസ്തീനിലെ അഭയാർത്ഥി ക്യാമ്പിലേക്ക് യുഎഇ വാഗ്ദാനം ചെയ്തത്. ജെനിൻ അഭയാർത്ഥി ക്യാമ്പിലെ കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകുന്നതിനായി യു.എൻ നടത്തുന്ന മാനുഷിക പ്രവർത്തനങ്ങൾക്കാണ് ധനസഹായം. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിർദേശപ്രകാരമായിരുന്നു നടപടി.
പാലസ്തീനിലും ജെനിൻ അഭയാർത്ഥി ക്യാമ്പിലും ഐക്യരാഷ്ട്രസഭ നടത്തുന്ന മാനുഷിക, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള പിന്തുണയെന്ന നിലയിലാണ് ധനസഹായം നൽകുന്നതെന്നും പ്രദേശത്ത് യു.എൻ നടത്തുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിന് രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് പറഞ്ഞു. യു.എൻ റിലീഫ് ആന്റ് വർക് ഏജൻസി കമ്മീഷണർ ജനറൽ ഫിലിപ്ലസാറിനിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ധനസഹായം വാഗ്ദാനം ചെയ്തത്.