കോർപ്പറേറ്റ് ടാക്സുമായി ബന്ധപ്പെട്ട ഡിജിറ്റൽ സേവന പ്ലാറ്റ്ഫോമായ ഇമറാടാക്സിന് നാളെ മുതൽ ഫീസ് ഈടാക്കുമെന്ന് യുഎഇ ഫെഡറൽ ടാക്സ് അതോറിറ്റി. കോർപ്പറേറ്റ് ടാക്സ് രജിസ്ട്രേഷൻ സംബന്ധിച്ച് സംശയ നിവാരണത്തിനും വ്യക്തതയ്ക്കും വേണ്ടിയാണ് ഇമറാടാക്സ് എന്ന ഡിജിറ്റൽ സേവന സംവിധാനം ഉപയോഗപ്പെടുത്തുന്നത്. ഇതുവരെ സൗജന്യ സേവനമായിരുന്ന ഇമറാടാക്സ് നാളെ മുതൽ സേവനങ്ങൾക്ക് നിശ്ചിത ഫീസ് ഈടാക്കിത്തുടങ്ങും.
ആവശ്യമായ സേവനം ഇമറാടാക്സ് വെബ്സൈറ്റിൽ നൽകിയിരുന്ന ഫോമിൽ പൂരിപ്പിച്ച് അനുബന്ധ രേഖകളും നിശ്ചിത ഫീസും അടച്ച് രജിസ്റ്റർ ചെയ്യുകയാണ് ചെയ്യേണ്ടത്. ഉപഭോക്താക്കൾ ഉന്നയിക്കുന്ന സംശയങ്ങൾക്ക് എഫ്ടിഎയുടെ ലെറ്റർ ഹൈഡിൽ മറുപടിയും ലഭിക്കും. മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ അടച്ച ഫീസ് തിരികെ ലഭിക്കുകയും ചെയ്യും.
കോർപ്പറേറ്റ് നികുതി സംവിധാനവുമായി നികുതിദായകരെ കൂടുതൽ അടുപ്പിക്കുന്നതിനും നികുതി സംവിധാനത്തിലേക്ക് എല്ലാവരെയും കൊണ്ടുവരുന്നതിനുമാണ് ഇമറാടാക്സിന്റെ ക്ലാരിഫിക്കേഷൻ പോർട്ടൽ ആരംഭിച്ചത്. ഫെഡറൽ ടാക്സ് അതോറിറ്റിയിൽ ടാക്സ് ഏജന്റായി രജിസ്റ്റർ ചെയ്തവർക്ക് ഇതുവഴി മറ്റുള്ളവരുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ സാധിക്കും.