യുഎഇയിൽ ചൂട് ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ മധ്യവേനൽ അവധി ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇതോടെ നാട്ടിലേയ്ക്ക് യാത്രയാകാനൊരുങ്ങുകയാണ് പ്രവാസി കുടുംബങ്ങൾ. രാജ്യത്ത് ജൂൺ 28നാണ് സ്കൂളുകൾ അടയ്ക്കുന്നത്. അതുകൊണ്ടുതന്നെ നാട്ടിലേയ്ക്ക് പോകുന്നതിന് മുന്നോടിയായുള്ള അവസാനഘട്ട ഷോപ്പിങിന്റെ തിരക്കിലാണ് ആളുകൾ.
28ന് അടയ്ക്കുന്ന സ്കൂളുകൾ ഏകദേശം രണ്ട് മാസത്തിന് ശേഷം ഓഗസ്റ്റ് 26നാണ് തുറക്കുന്നത്. ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്‌കൂളുകൾ ആദ്യ ടേമിലെ പഠനവും പരീക്ഷയും പൂർത്തിയാക്കി വെള്ളിയാഴ്ച ഓപ്പൺ ഹൗസ് നടത്തുന്നതോടെ അടയ്ക്കും. അതേസമയം, അധ്യാപകർ കുട്ടികളുടെ പഠനനിലവാരം രക്ഷിതാക്കളുമായി ചർച്ച ചെയ്തും നിർദേശങ്ങൾ നൽകിയും ജൂലൈ 5 വരെ സ്കൂളിൽ തുടരണം.
എന്നാൽ പ്രാദേശിക, വിദേശ സിലബസ് പിന്തുടരുന്ന സ്കൂളുകൾക്ക് വാർഷിക പരീക്ഷ കഴിഞ്ഞ് ഫലം പ്രഖ്യാപിക്കുന്നതോടെയാണ് അവധി ലഭിക്കുക. ഇതിനിടെ പുതിയ ക്ലാസുകളിലേക്കുള്ള പ്രവേശന നടപടികളും വിവിധ സ്കൂളുകളിൽ പുരോഗമിക്കുകയാണ്.