ഇന്ന് നന്മയുടെ പുതുവർഷമായ ഇസ്ലാമിക പുതുവത്സരം ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ നിവാസികൾക്ക് ആശംസകൾ അറിയിച്ച് യുഎഇ ഭരണാധികാരികൾ.
രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ അറിയിച്ചിരിക്കുകയാണ് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. “പുതിയ ഹിജ്‌റി വർഷത്തോടനുബന്ധിച്ച് എമിറേറ്റ്‌സിലെ ജനങ്ങളെയും എല്ലാ ഇസ്ലാമിക ജനതയെയും ഞാൻ അഭിനന്ദിക്കുന്നു. ഇത് ഒരു നല്ല വർഷമാക്കാൻ സർവ്വശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുന്നു. നമ്മുടെ രാജ്യത്തും പ്രദേശത്തും ലോകമെമ്പാടും നന്മയും അനുഗ്രഹവും സമാധാനവും ഉണ്ടാകട്ടെ” എന്നാണ് യുഎഇ പ്രസിഡന്റ് എക്സിൽ കുറിച്ചത്.
“പുതിയ ഹിജ്‌റി വർഷത്തിൽ എമിറേറ്റ്‌സിലെയും അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളിലെയും ജനങ്ങളെ ഞങ്ങൾ അഭിനന്ദിക്കുന്നു. ദൈവം അതിനെ നന്മയോടും സമാധാനത്തോടും സ്ഥിരതയോടും കൂടി തിരികെ കൊണ്ടുവരട്ടെ. കുടിയേറ്റം ത്യാഗത്തിൻ്റെയും പ്രതീക്ഷയുടെയും പ്രയത്നത്തിൻ്റെയും പ്രതീകമാണ്. ഈ പുതിയ ഹിജ്‌റി വർഷത്തിൽ രാജ്യത്തിൻ്റെയും ജനങ്ങളുടെയും പ്രയോജനത്തിനായി പ്രവർത്തിക്കാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ” എന്ന് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ആശംസിച്ചു.
യുഎഇ വൈസ് പ്രസിഡൻ്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും തുടങ്ങിയവരും ജനങ്ങൾക്ക് ആശംസകൾ അറിയിച്ചു.