വീണ്ടും നേട്ടവുമായി യുഎഇ. ആഗോള പ്രതിഭകൾ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന ലോക രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തെത്തി യുഎഇ. 160 രാജ്യങ്ങളിലെ 3 ലക്ഷം തൊഴിൽ കരാർ പഠന വിധേയമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. നെതർലൻഡ്‌സ് ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഫ്രാൻസ്, യുകെ, സിംഗപ്പൂർ എന്നീ രാജ്യങ്ങൾ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളിലുമെത്തി.
വ്യവസായ അനുകൂല അന്തരീക്ഷവും നൂതന പദ്ധതികളും നിലപാടുകളുമെല്ലാം ലോകോത്തര നിയമന കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം ഉറപ്പിക്കുന്നതായാണ് വിലയിരുത്തൽ. രാജ്യാന്തര പ്രതിഭകളെ ആകർഷിക്കുകയും നിലനിർത്തുകയും ചെയ്യുന്നതിലൂടെ യുഎഇ സാമ്പത്തിക വളർച്ച കൈവരിക്കുകയും ആഗോള വിപണിയിൽ ഉന്നത സ്ഥാനം നിലനിർത്തുകയും ചെയ്യുന്നുണ്ട്. യുഎഇയിലെ തൊഴിൽ വിപണി കോവിഡ് പ്രതിസന്ധിയിൽ നിന്ന് ആദ്യം കരകയറിയതും ലോകശ്രദ്ധ നേടിയിരുന്നു.
യുഎഇ ഗോൾഡൻ വിസ പദ്ധതിയും മറ്റൊരു പ്രധാന ആകർഷണമാണ്. കൂടാതെ, മറ്റ് രാജ്യങ്ങളിലെ ജീവിത ശൈലിയും സാമ്പത്തിക പ്രതിസന്ധികളും കാരണം കൂടുതൽ തൊഴിലുടമകൾ യുഎഇയിലേക്ക് മാറിയതും റിക്രൂട്ട്മെൻ്റ് ശക്തമാക്കി. സാമ്പത്തിക സേവനങ്ങൾ, വിവരസാങ്കേതിക വിദ്യ, ഐടി സേവനങ്ങൾ, കംപ്യൂട്ടർ സോഫ്റ്റ്‌വെയർ, മാനേജ്‌മെന്റ് കൺസൽറ്റിങ്, മാർക്കറ്റിങ്, പരസ്യം, വ്യവസായം, ഗവേഷണം തുടങ്ങിയ മേഖലകളിലെ കമ്പനികളാണ് രാജ്യാന്തര പ്രതിഭകളെ ആകർഷിക്കുന്നത്. മാനേജ്‌മെൻ്റ് കൺസൽറ്റന്റ്, കണ്ടന്റ് മാനേജർ, സോഫ്റ്റ്വെയർ എൻജിനീയർ, ഇൻഫ്ലുവൻസർ, മാർക്കറ്റിങ് മാനേജർ, സ്ട്രാറ്റജി ഡയറക്‌ടർ എന്നീ തസ്‌തികകളിലാണ് കൂടുതൽ നിയമനങ്ങൾ നടക്കുന്നത്.