വിദേശികൾക്ക് ജീവിക്കാനും ജോലി ചെയ്യാനും അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയിൽ ഇടംനേടി യുഎഇയും. ലിസ്റ്റിൽ പത്താം സ്ഥാനത്താണ് രാജ്യം ഉൾപ്പെട്ടിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ പ്രവാസികൾക്കിടയിൽ ഇന്റർ നേഷൻസ് ആഗോള ശൃംഖല നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ.
പട്ടികയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത് പാനമയാണ്. മെക്സിക്കോ, ഇന്തൊനീഷ്യ, സ്പെയിൻ, കൊളംബിയ, തായ്ലൻഡ്, ബ്രസീൽ, വിയറ്റ്നാം, ഫിലിപ്പീൻസ് എന്നിവയാണ് ആദ്യ പത്തിൽ ഇടംപിടിച്ച മറ്റു രാജ്യങ്ങൾ. 174 രാജ്യങ്ങളിൽ നിന്നുള്ള 12,543 പേരിലാണ് സർവേ നടത്തിയത്. വിവിധ രാജ്യങ്ങളിലെ ജീവിത നിലവാരം, തൊഴിൽ അവസരങ്ങൾ, വേതനം, ഡിജിറ്റൽ സേവനം, താമസം, ആശയവിനിമയം ഉൾപ്പെടെയുള്ള കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് സർവ്വേ നടത്തിയത്.
യുഎഇയുടെ പരിസ്ഥിതി സംരക്ഷണ നയം, മികച്ച ജോലി, ശമ്പളം, തൊഴിൽ സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, രാഷ്ട്രീയ സ്ഥിരത, വ്യക്തിഗത സുരക്ഷ, ആരോഗ്യസംരക്ഷണം, നിലവാരമുള്ള ചികിത്സ, കലാസാംസ്കാരിക, കായിക സൗകര്യങ്ങൾ എന്നിവയാണ് കൂടുതൽ പേരെയും ആകർഷിച്ചത്.