കൊടുംചൂടിൽ ദുരിതമനുഭവിക്കുന്നവർക്ക് തണലേകാൻ പാതയോരങ്ങളിലും തുറസായ പ്രദേശങ്ങളിലും മരങ്ങൾ നട്ടുപിടിപ്പിക്കുകയാണ് അബുദാബിയിൽ ഒരു പ്രവാസി. ഇറാഖ് സ്വദേശിയായ 62-കാരൻ സിനാൻ അൽ അവ്സി ആണ് ഇതിനോടകം നൂറുകണക്കിന് മരങ്ങൾ വച്ചുപിടിപ്പിച്ച് മാതൃകയായത്. അദ്ദേഹത്തിന്റെ സുമനസിന് അഭിനന്ദനമറിയിച്ചിരിക്കുകയാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.
ജനാലയിലൂടെ വീടിന് പുറത്തേക്ക് നോക്കുമ്പോൾ ആളുകൾ ഉച്ചവെയിലിൽ ദുരിതമനുഭവിക്കുന്നത് കണ്ടതിനേത്തുടർന്നാണ് അൽ അവ്സിക്ക് പച്ചപ്പിനേക്കുറിച്ച് ഇത്തരം ഒരാശയം തോന്നിയത്. അതിന്റെ ഫലമായി അബുദാബിയിലെ ഷെയ്ഖ് റാഷിദ് ബിൻ സയീദ് സ്ട്രീറ്റിൽ നിരവധി മരങ്ങളാണ് അദ്ദേഹം നട്ടുപിടിപ്പിച്ചത്.
ചൂട് കാലാവസ്ഥയെ ചെറുക്കാൻ പ്രത്യേകം തിരഞ്ഞെടുത്ത 239 മരങ്ങളാണ് ഇപ്പോൾ അര കിലോമീറ്ററോളം ജനങ്ങൾക്ക് തണലാക്കുന്നത്. തെങ്ങ് മുതൽ വിവിധ പൂച്ചെടികൾ വരെ ഇതിലുൾപ്പെടും. ഈ സാമൂഹ്യ പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടതിനേത്തുടർന്നാണ് അൽ അവ്സിക്ക് അഭിനന്ദനവുമായി യുഎഇ പ്രസിഡന്റ് എത്തിയത്. അൽ അവ്സിയെ നേരിട്ട് കണ്ട് അഭിനന്ദനം അറിയിച്ച അദ്ദേഹം യുഎഇയിലെ നിവാസികളെല്ലാം രാജ്യത്തിന്റെ വികസന പ്രക്രിയയിൽ അൽ അവ്സിയോടൊപ്പം പങ്കാളിത്തം വഹിക്കുമെന്നും പറഞ്ഞു.
1999-ൽ യുഎഇയിൽ എത്തിയ അൽ അവ്സി റോഡുകളുടെയും പാലങ്ങളുടെയും കൺസൾട്ടിംഗ് എഞ്ചിനീയറായി ജോലി ചെയ്യുകയാണ്. ചെടികളെയും മരങ്ങളെയും ഏറെ സ്നേഹിക്കുന്ന അദ്ദേഹം തന്റെ ചെടികളെ പരിപാലിക്കാത്ത ഒരു ദിവസം പോലുമില്ല. തന്റെ ഈ പ്രവർത്തനം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ഇദ്ദേഹം.