വസ്തു ഇടപാടുകളുടെ സുതാര്യത ഉറപ്പാക്കാൻ യുഎഇ പാസ് രജിസ്ട്രേഷൻ നിർബന്ധമാക്കും. വസ്തുക്കളുടെ വില്പനയും വാങ്ങലും യുഎഇ പാസ് പോർട്ടൽ വഴിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പോർട്ടലിലൂടെ ജനങ്ങൾക്ക് കൂടുതൽ സൗകര്യം ലഭ്യമാക്കി ഇടപാടുകൾ സുരക്ഷിതമാക്കുകയാണ് അധികൃതരുടെ ലക്ഷ്യം.
ഡിജിറ്റൽ സേവനം ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് കൂടുതൽ സർക്കാർ സേവനങ്ങൾ യുഎഇ പാസുമായി ബന്ധിപ്പിക്കുന്നത്. പ്രാദേശിക റിയൽ എസ്‌റ്റേറ്റ് വിപണിയിലെ ഇടപാടുകൾ സുതാര്യമാക്കാൻ യുഎഇ പാസ് വഴി സാധിക്കുമെന്നാണ് വിലയിരുത്തൽ. വ്യക്തിഗത ഉടമസ്ഥതയിലുള്ള പ്രോപ്പർട്ടി ഇടപാടിന് കോർപ്പറേറ്റ് നികുതി ബാധകമല്ല. എന്നാൽ ഇതുപയോഗിച്ച് ബിസിനസ് നടത്തുകയാണെങ്കിൽ കോർപ്പറേറ്റ് നികുതി രജിസ്ട്രേഷൻ നിർബന്ധമാണ്. ഇടപാടുകൾ യുഎഇ പാസ് വഴിയാക്കുന്നത് സുരക്ഷ ഉറപ്പാക്കുന്നതിനാൽ നിക്ഷേപകരെ ആകർഷിക്കുമെന്നാണ് വിലയിരുത്തൽ.
അധികം വൈകാതെ എല്ലാ മേഖലയിലെയും സേവനങ്ങൾ യുഎഇ പാസ് വഴി ബന്ധിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. വ്യക്തിഗത വിവരങ്ങൾ, രേഖകൾ, വാടക കരാർ, ഡ്രൈവിങ് ലൈസൻസ്, വാഹന വിവരങ്ങൾ, മെഡിക്കൽ റെക്കോർഡുകൾ തുടങ്ങി സമഗ്ര വിവരങ്ങൾ ലഭ്യമാകുന്ന ഏകജാലക സംവിധാനമായ യുഎഇ പാസ് വഴി വിവിധ ആവശ്യങ്ങൾക്കായി വ്യത്യസ്‌ത ഓഫീസുകളിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കാനും സഹായിക്കും.