ലോകത്ത് ഏറ്റവും കൂടുതല്‍ വീടുകളിലേക്കും കെട്ടിടങ്ങളിലേക്കും ഫൈബര്‍ ശൃംഖലയുളള രാജ്യമായി യുഎഇ. ആഗോള ഫെബര്‍ നെറ്റ്‌വർക്ക് വ്യവസായ മേഖലയിലെ പ്രമുഖ സ്ഥാപനമായ എഫ്‌ടിടിഎച്ച് കൗൺസിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് യുഎഇയ്ക്ക് അംഗീകാരം. സിംഗപ്പൂർ, ചൈന, ദക്ഷിണ കൊറിയ, ഹോങ്കോങ് എന്നീ രാജ്യങ്ങളെ മറികടന്നാണ് യുഎഇ ഒന്നാമതെത്തിയത്. 2016 മുതല്‍ യുഎഇ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
50 ശതമാനത്തിലധികം വ്യാപന നിരക്ക് കൈവരിച്ച 20 രാജ്യങ്ങളുടെ പട്ടികയും റിപ്പോർട്ടിലുണ്ട്. ആഗോള റാങ്കിംഗിൽ 97 ശതമാനം നേട്ടത്തോടെ യുഎഇയാണ് മുന്നിൽ. സിംഗപ്പൂർ 95.8 ശതമാനം, ചൈന 94.9 ശതമാനം, ദക്ഷിണ കൊറിയ 91.1 ശതമാനം, ഹോങ്കോംഗ് 86.2 ശതമാനം എന്നിങ്ങനെയാണ് . ഡിജിറ്റൽ പരിവർത്തനം പ്രാപ്തമാക്കാന്‍ യുഎഇയുടെ ടെലികോം സ്തംഭമായ എത്തിസലാത്ത് നെറ്റ്‌വർക്ക് നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് യുഎഇയെ മുന്നിലെത്തിച്ചത്.
ഡിജിറ്റൽ പരിവർത്തനത്തിലും മൊബൈൽ, ഫൈബർ ശൃംഖലയിലും എത്തിസലാത്ത് യുഎഇ തുടർച്ചയായി നിക്ഷേപം നടത്തിയിട്ടുണ്ട്. ഇത് ഉപഭോക്താക്കളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡും മാറിക്കൊണ്ടിരിക്കുന്ന ആവശ്യകതകളും നിറവേറ്റാന്‍ സഹായിച്ചെന്ന് എത്തിസലാത്ത് സിഇഒ മസൂദ് എം. ഷെരീഫ് മഹ്മൂദ് വ്യക്തമാക്കി.
ഡിജിറ്റല്‍ രംഗത്ത് യുഎഇയുടെ കുതിപ്പും, പുതു തലമുറ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കൂടുതല്‍ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുളള കരുത്തും വ്യക്തമാക്കുന്നതാണ് എഫ്‌ടിടിഎച്ച് കൗൺസിന്‍റെ റിപ്പോര്‍ട്ട്.