കഴിഞ്ഞ മാസം യുഎഇയിൽ പെയ്ത ശക്തമായ മഴയ്ക്ക് പിന്നാലെ വീണ്ടും മഴയുടെ മുന്നറിയിപ്പെത്തി. മാർച്ചിലെ അവസാന 10 ദിവസങ്ങളിൽ രാജ്യത്ത് ശക്തമായതോ നേരിയതോ ആയ മഴയ്ക്ക് സാധ്യതയുള്ളതായാണ് വിലയിരുത്തപ്പെടുന്നത്.
ഈ കാലയളവിൽ രാജ്യത്തെ തീരപ്രദേശങ്ങളിൽ നേരിയ മഴ പെയ്യുമെന്നാണ് (10 മില്ലീമീറ്ററിനും 40 മില്ലീമീറ്ററിനും ഇടയിൽ) പ്രതീക്ഷിക്കുന്നത്. എന്നാൽ മറ്റ് പ്രദേശങ്ങളിൽ കനത്ത മഴ (50 മില്ലീമീറ്ററിനും 80 മില്ലീമീറ്ററിനും ഇടയിൽ) ലഭിക്കുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അബുദാബിയിൽ മഴയുടെ തീവ്രത തീരപ്രദേശങ്ങളിൽ 10മില്ലീമീറ്റർ മുതൽ 20മില്ലീമീറ്റർ വരെയും മറ്റുള്ള സ്ഥലങ്ങളിൽ 25മില്ലീമീറ്റർ മുതൽ 50മില്ലീമീറ്റർ വരെയും ആയിരിക്കും. അതേസമയം ദുബായിലും ഷാർജയിലും തീരപ്രദേശങ്ങളിൽ 15 മില്ലീമീറ്ററിനും 50 മില്ലീമീറ്ററിനും ഇടയിൽ മഴ ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
രാജ്യത്ത് കഴിഞ്ഞ മാസം പെയ്ത മഴയേത്തുടർന്ന് രാജ്യത്ത് താപനില ഗണ്യമായി കുറയുകയും സുഖകരമായ കാലാവസ്ഥ ആഴ്ചകളോളം നീണ്ടുനിൽക്കുകയും ചെയ്തതിന് ശേഷം വീണ്ടും വിവിധ സ്ഥലങ്ങളിൽ താപനില ഉയരാൻ തുടങ്ങിയിരുന്നു. ഈ കാലാവസ്ഥയിൽ വീണ്ടും മഴയെത്തുമെന്ന വാർത്ത യുഎഇ നിവാസികൾക്ക് ആശ്വാസമാകും.