ആരോഗ്യമേഖലിയില്‍ യുഎഇ അസാമാന്യ കുതിച്ചുചാട്ടം നടത്തിയെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുൾ റഹ്മാൻ ബിൻ മുഹമ്മദ് ബിൻ നാസർ അൽ ഒവൈസ്. ഉയർന്ന അന്തർദേശീയ മാനദണ്ഡങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി നൂതന ആരോഗ്യ സംവിധാനമാണ് യുഎഇ പിന്തുടരുന്നതെന്നും ആരോഗ്യ-പ്രതിരോധ മന്ത്രി പറഞ്ഞു.
രാജ്യത്ത് തൊഴിലെടുക്കുന്ന നഴ്‌സിംഗ് കേഡർമാരേയും മിഡ്‌വൈഫുമാരേയും അദ്ദേഹം അഭിനന്ദിച്ചു. യുഎഇ ആരോഗ്യ മേഖലയുടെ നട്ടെല്ലാണ് ഈ വിഭാഗമെന്നും മന്ത്രി വ്യക്തമാക്കി. ഇൻറർനാഷണൽ കോൺഫെഡറേഷൻ ഓഫ് മിഡ്‌വൈഫ്‌സിന്‍റെ നൂറാം വാർഷികത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.
വൈദ്യശാസ്ത്രരംഗത്തെ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി സാമൂഹിക ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതില്‍ നഴ്സിംഗ്, മിഡ് വൈഫ് മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ വഹിക്കുന്ന പങ്ക് വലുതാണ്. അവരുടെ സേവനത്തെ ആത്മവിശ്വാസത്തിന്‍റെ ഉറവിടമായാണ് കണക്കാക്കുന്നത് .
ഈ വിഭാഗത്തിന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞ് വിവിധ പദ്ധതികളാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നഴ്‌സിംഗും മിഡ്‌വൈഫറിയും പഠിക്കുന്ന എമിറാത്തികളെ പിന്തുണയ്ക്കുന്നത് യുഎഇ സർക്കാരിന്റെ മുൻഗണനകളിലൊന്നാണെന്നും അൽ ഒവൈസ് കൂട്ടിച്ചേര്‍ത്തു.