300 കിലോ വരെ ചരക്ക് വഹിക്കാൻ സാധിക്കുന്ന ജി.വൈ 300 ഡ്രോൺ ഹെലികോപ്റ്റർ അവതരിപ്പിച്ച് അബുദാബി. യുഎഇ നിർമ്മിത ഡ്രോൺ ഹെലികോപ്റ്റർ അബുദാബിയിലെ അൺമാൻഡ് സിസ്റ്റംസ് എക്സിബിഷൻ ആന്റ് കോൺഫറൻസിലാണ് അവതരിപ്പിച്ചത്. റിമോട്ട് സംവിധാനം വഴി പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന ജി.വൈ 300 നിർമ്മിച്ചിരിക്കുന്നത് യുഎഇ പ്രതിരോധ കമ്പനിയായ എഡ്ജ് ആണ്.
കുറഞ്ഞത് 120 കിലോമീറ്റർ വേഗതയിലും പരമാവധി 160 കിലോമീറ്റർ വേഗതയിലും ഈ ഡ്രോൺ ഹെലികോപ്റ്റർ പ്രവർത്തിപ്പിക്കാൻ സാധിക്കും. അത്യാവശ്യ ഘട്ടങ്ങളിൽ ചരക്കുകളോ അല്ലെങ്കിൽ മാനുഷിക സഹായങ്ങളോ എത്തിക്കാൻ സാധിക്കുന്ന വിധത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. അതിനാൽ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ പരുക്കൻ ഭൂപ്രദേശങ്ങളിൽ പോലും ഉപയോഗിക്കുന്നതിനും വിദൂര സ്ഥലങ്ങളിലേക്ക് മരുന്നുകളും ഭക്ഷ്യവസ്തുക്കളും എത്തിക്കുന്നതിനും ഡ്രോൺ ഹെലികോപ്റ്ററിന് സാധിക്കും.
ഒരു ഇന്ധന എഞ്ചിനോടുകൂടി പ്രവർത്തിക്കുന്ന ജി.വൈ 300ന് 400 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കും. കൂടാതെ 3.6 കിലോമീറ്റർ (12,000 അടി) വരെ പറക്കാനും കഴിയും. വിവിധ അവശ്യങ്ങൾക്കനുസരിച്ച് പ്രവർത്തനശേഷി കുറച്ചും വർധിപ്പിച്ചും ഈ ഡ്രോൺ ഹെലികോപ്റ്റർ നിർമ്മിക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.