ആഗോളതലത്തിൽ സംഭവിച്ച സൈബർ തകരാർ യുഎഇയിലെ ഓൺലൈൻ സേവനങ്ങളെ സാരമായി ബാധിച്ചു. രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾ, വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള മേഖലകളിലെ ഓൺലൈൻ സംവിധാനങ്ങൾ തകരാറിലായി.
ആഗോള സാങ്കേതിക തകരാർ ഇലക്ട്രോണിക് സംവിധാനങ്ങളെ ബാധിച്ചതിനാൽ ചില ഓൺലൈൻ സേവനങ്ങളിൽ ഇടപാടുകളൊന്നും നടത്തരുതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനലുകൾ 1, 2 എന്നിവിടങ്ങളിലെ ചില എയർലൈനുകളുടെ ചെക്ക്-ഇൻ പ്രക്രിയ തടസപ്പെട്ടിരുന്നു. തുടർന്ന് ദീർഘ നേരത്തിന് ശേഷം ചില പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.
മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കിയ ക്രൗഡ് സ്ട്രൈക്ക് നിശ്ചലമായതോടെയാണ് ആഗോളതലത്തിൽ വിവിധ സേവനങ്ങൾ തടസപ്പെട്ടത്. ഇതോടെ ഇന്ത്യ, ഓസ്ട്രേലിയ, ജർമ്മനി, യുഎസ്, യുകെ, യുഎഇ ഉൾപ്പടെ നിരവധി രാജ്യങ്ങളിലെ ഐടി സംവിധാനങ്ങൾ പ്രവർത്തനരഹിതമായി.