ആരോഗ്യമേഖലയിൽ പുതിയ ഫെഡറൽ നിയമം അംഗീകരിച്ച് യുഎഇ. യുഎഇയിൽ ലൈസൻസില്ലാതെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്ന ഫെഡറൽ നിയമമാണ് പുറത്തിറക്കിയത്. ഇതനുസരിച്ച് ലൈസൻസില്ലാതെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്കും വ്യാജരേഖകൾ ഹാജരാക്കുന്നവർക്കും അരലക്ഷം ദിർഹം മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴയും തടവും ചുമത്തപ്പെടും.
പുതിയ നിയമപ്രകാരം ഹെൽത്ത് അതോറിറ്റിയിൽനിന്ന് ലൈസൻസ് വാങ്ങാതെ ഒരു വ്യക്തിക്കും ആരോഗ്യരംഗത്ത് പ്രവർത്തിക്കാൻ സാധിക്കില്ല. ലൈസൻസ് നേടാൻ നിർദിഷ്ട ആരോഗ്യമേഖലയിൽ യുഎഇ അംഗീകൃത ബിരുദവും നേടിയിരിക്കണം. ആരോഗ്യതൊഴിൽ ലൈസൻസിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക ലൈസൻസ് ലഭിക്കുന്നതിന് മുൻപ് സേവനം നൽകിയാൽ 10,000 ദിർഹം മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴ ചുമത്തും. ചെറിയ നിയമലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് 1,000 ദിർഹം മുതൽ അരലക്ഷം ദിർഹം വരെ പിഴ ചുമത്തും. കൂടാതെ ലൈസൻസില്ലാത്ത ആരോഗ്യപ്രവർത്തകരെ നിയമിച്ച സ്ഥാപനമേധാവിയുടെയോ ജീവനക്കാരുടെയോ ലൈസൻസ് താത്കാലികമായി സസ്പെൻഡ് ചെയ്യുകയും ചെയ്യും. ലൈസൻസോടെ ആരോഗ്യ പ്രവർത്തനം നടത്തുന്നവർ അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുകയും വേണം.
നിയമലംഘനത്തിന്റെ സ്വഭാവമനുസരിച്ച് ആരോഗ്യസംരക്ഷണ കേന്ദ്രം പൂട്ടുന്നത് ഉൾപ്പെടെയുള്ള നിയമ നടപടികളും സ്വീകരിക്കും. നഴ്സിങ്, മെഡിക്കൽ ലബോറട്ടറികൾ, മെഡിക്കൽ ഫിസിക്സ്, ഒക്യുപേഷണൽ തെറാപ്പി, ഫിസിക്കൽ തെറാപ്പി, കോസ്മെറ്റിക്സ്, അനസ്തേഷ്യ, ഓഡിയോളജി, മെഡിക്കൽ റേഡിയോഗ്രഫി തുടങ്ങിയ ആരോഗ്യപരിപാലന മേഖലകളെ നിയന്ത്രിക്കുന്നതാണ് പുതിയ നിയമം. ഈ മേഖലയിലെല്ലാം ലൈസൻസുള്ളവരുടെ ദേശീയ രജിസ്റ്റർ തയ്യാറാക്കി നിരീക്ഷണം ശക്തമാക്കുകയും ചെയ്യും.