യുഎഇ അതികഠിനമായ ചൂടിലേക്ക്. താപനില 50 ഡിഗ്രി സെൽഷ്യസിലേക്കെത്തുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഇതോടെ രാജ്യം ശക്തമായ ചൂട് കാലത്തേക്ക് പ്രവേശിക്കുകയാണെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. താപനിലയിൽ വർധനവുണ്ടാകുന്നതോടൊപ്പം രാജ്യത്തുടനീളം മൂടൽമഞ്ഞ് രൂക്ഷമാകാനുള്ള സാധ്യതയും നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചിട്ടുണ്ട്.
താപനില ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതർ. പകൽ പുറത്തിറങ്ങുന്നവർ കുട കരുതണമെന്നും സൺഗ്ലാസ് ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. രാവിലെ 9 വരെ മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹനം ഓടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. മുന്നിലുള്ള വാഹനം കാണാത്ത വിധം ദൂരക്കാഴ്ച കുറഞ്ഞാൽ വാഹനം റോഡിൽനിന്നും മാറ്റി സുരക്ഷിത അകലത്തിൽ നിർത്തണമെന്നും നിർദേശമുണ്ട്. ഇന്ന് പകൽ മണിക്കൂറിൽ 40 കി.മീ വേഗത്തിൽ പൊടിക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ശ്വാസകോശ രോഗമുള്ളവർ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണം.
ഇന്ന് അൽഐനിൽ താപനില 47 ഡിഗ്രി സെൽഷ്യസും അബുദാബിയിൽ 44 ഡിഗ്രി സെൽഷ്യസും ദുബൈയിൽ 43 ഡിഗ്രി സെൽഷ്യസും വരെ എത്തും. നാളെ അബുദാബിയിൽ 47, ദുബായിൽ 46 ഡിഗ്രി എന്നിങ്ങനെയാകും താപനില. ശനിയാഴ്ച ഈർപ്പത്തിന്റെ അളവ് അബുദാബിയിൽ 95% വരെ എത്താം. എന്നാൽ ദുബായിൽ ഇത് അൽപം കുറയും. ഞായറാഴ്ച ഇത് 48 ഡിഗ്രിയിലേക്കും ചിലയിടങ്ങളിൽ 49 ഡിഗ്രിയിലേക്കും ഉയരും. വരും ദിവസങ്ങളിൽ ചൂട് കൂടാനും സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ താപനില 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. കുറഞ്ഞ താപനില 26 ഡിഗ്രി സെൽഷ്യസായിരിക്കും.