യുഎഇയിലെ ബറാഖ ആണവോർജ്ജനിലയം നേരിട്ട് കാണാൻ അധികം ആർക്കും അവസരം ലഭിക്കാറില്ല. എന്നാൽ ആ അപൂർവ്വ അവസരം സ്വന്തമാക്കിയിരിക്കുകയാണ് പ്രവാസിയായ ഷിഹാബ് അബ്ദുള്ള. തന്റെ ജോലിയോടൊപ്പം പാഷനായ ഫോട്ടോഗ്രാഫിയെ പിൻതുടരുന്ന ഷിഹാബിന് 1,000 ദിർഹം നോട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ബറാഖ പ്ലാൻ്റ് പകർത്താനാണ് അധികൃതർ അനുമതി നൽകിയത്.
ദുബായിൽ മെക്കാനിക്കൽ എഞ്ചിനീയറായി ജോലി ചെയ്തുവരികയാണ് ഷിഹാബ്. യുഎഇയുടെ കറൻസി നോട്ടുകളിലെ എല്ലാ ലാന്റ്മാർക്കുകളും തന്റെ ക്യാമറയിൽ പകർത്തുക എന്നത് ഷിഹാബിന്റെ വലിയ ആഗ്രഹമായിരുന്നു. അതിനുവേണ്ടിയുള്ള ശ്രമങ്ങളും അദ്ദേഹം ആരംഭിച്ചു. ഇതിനോടകം ഒന്നൊഴികെ മറ്റെല്ലാ ലാന്റ്മാർക്കുകളും ഈ യുവാവ് ചിത്രീകരിക്കുകയും ചെയ്തു. അവസാനത്തേതായിരുന്നു 1,000 ദിർഹം നോട്ടിൽ ദൃശ്യമായിരുന്ന ബറാഖ ആണവോർജ്ജനിലയം. പ്ലാന്റ് സന്ദർശിക്കാനുള്ള അനുമതി ലഭിക്കുക എന്നത് നിസാരമല്ലെന്ന് മനസിലാക്കിയ ഷിഹാബ് അതിനുവേണ്ടിയുള്ള ശ്രമങ്ങളും ആരംഭിച്ചു.
അങ്ങനെ മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം ഷിഹാബിന്റെ സ്വപ്നത്തിന് അധികൃതർ അനുവാദവും നൽകി. അബുദാബിയിലെ അൽ ദഫ്ര മേഖലയിലാണ് ബറാഖ പവർ പ്ലാൻ്റ് സ്ഥിതി ചെയ്യുന്നത്. താഴികക്കുടത്തിന്റെ ഘടനയിലാണ് ആണവനിലയം നിർമ്മിച്ചിരിക്കുന്നത്. ഒടുവിൽ 1,000 ദിർഹം നോട്ടും ബറാഖ ആണവോർജ്ജനിലയവും ഒരേ ഫ്രെയ്മിൽ ഷിഹാബ് പകർത്തി. അധികം ആർക്കും ലഭിക്കാത്ത അസുലഭ മുഹൂർത്തമായിരുന്നു ഇതെന്ന് ഫോട്ടോ പകർത്തിയ ശേഷം ഈ യുവാവ് വ്യക്തമാക്കുകയും ചെയ്തു.
ഒഴിവ് ദിവസങ്ങളിൽ ക്യാമറയുമായി നാട് ചുറ്റാനിറങ്ങിയ ഷിഹാബിന്റെ മനസിൽ തോന്നിയ ഒരാശയമായിരുന്നു കറൻസിയിലെ ലാന്റ്മാർക്കുകൾ പകർത്തുക എന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ഇത്തരത്തിൽ താൻ പകർത്തിയ മുഴുവൻ ഫോട്ടോകളും അമൂല്യ നിധിപോലെ ഈ യുവാവ് സൂക്ഷിച്ചിട്ടുമുണ്ട്.