സ്വകാര്യ വിദ്യാഭ്യാസ മേഖലയിലേയ്ക്കും സ്വദേശിവൽക്കരണം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ. പദ്ധതി നടപ്പിലാക്കുന്നതിനായി ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി നാഫിസ് ധാരണാപത്രത്തിൽ ഒപ്പുവെച്ചു. പുതുവർഷത്തിൽ ആരംഭിക്കുന്ന അധ്യാപക തസ്തികകളിൽ സ്വദേശിവൽക്കരണത്തിലൂടെ 2024-ൽ മാത്രം ആയിരം പേർക്ക് നിയമനം നൽകാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള സ്വദേശികൾക്ക് തൊഴിൽ പരിശീലനം നൽകിയ ശേഷമാകും നിയമനം നൽകുക.
2027-ഓടെ 4,000 സ്വദേശികളെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. സ്വദേശിവൽക്കരണം നടപ്പിലാക്കുന്നതിനായി മാനവ വിഭവശേഷി സ്വദേശിവൽകരണ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും നാഫിസും സംയുക്തമായി പരിശീലനം നൽകുന്നതിനുള്ള പദ്ധതികൾക്ക് രൂപം നൽകിക്കഴിഞ്ഞു. ഓരോ വർഷവും നിയമിക്കേണ്ട സ്വദേശികളുടെ എണ്ണത്തിന് അനുസരിച്ചാണ് തൊഴിൽ പരിശീലനം നൽകുക. പരിശീലനം പൂർത്തിയാക്കിയാൽ തൊഴിൽ കരാറിന് രൂപം നൽകുകയും ചെയ്യും.
സ്കൂൾ – ഓഫീസ് അഡ്മിനിസ്ട്രേഷൻ, സ്കൂൾ പ്രൊഫഷണലുകൾ, അറബിക് ഭാഷാ അധ്യാപകർ, സാമൂഹിക പഠനം, ദേശീയ വിദ്യാഭ്യാസം, നഴ്സറി അധ്യാപകർ, വിദ്യാഭ്യാസ കൗൺസിലർ എന്നിവയ്ക്ക് പുറമെ സ്ഥാപനങ്ങളുടെ നേതൃപദവികളിൽ സ്വദേശികൾ വരുന്ന വിധത്തിലായിരിക്കും സ്വദേശിവൽകരണം നടപ്പിലാക്കുക.