ഇന്ത്യ – യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്‍റെ കൂടുതല്‍ സാധ്യതകൾ ചര്‍ച്ച ചെയ്യുന്നതിനായി ഉന്നതതല യുഎഇ പ്രതിനിധി സംഘം ബുധനാഴ്ച ഇന്ത്യ സന്ദർശിക്കും. സംയുക്ത നിക്ഷേപത്തിന്‍റേയും സഹകരണത്തിന്‍റേയും സാധ്യതകളാണ് പ്രധാനമായും പരിശോധിക്കുക.
മന്ത്രിമാർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, സ്വകാര്യ മേഖലാ നേതാക്കൾ,
പ്രമുഖ ഇന്ത്യൻ വ്യവസായികൾ, സംരംഭകർ, സ്റ്റാർട്ടപ്പുകൾ എന്നിവരുമായി പ്രതിനിധി സംഘം ദില്ലിയില്‍ വിപുലമായ കൂടിക്കാഴ്ചകൾ നടത്തും. മുംബൈയില്‍ ഇന്ത്യ – യുഎഇ സാമ്പത്തിക പങ്കാളിത്ത ഉച്ചകോടിയും സംഘടിപ്പിച്ചിട്ടുണ്ട്.
2022 ഫെബ്രുവരിയിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ച കരാര്‍ കഴിഞ്ഞ മെയ് ഒന്നിന് പ്രാബല്യത്തില്‍ വന്നിരുന്നു. കരാറില്‍ നിന്ന് പരമാവധി പ്രയോജനം നേടുന്നതിന് സുസ്ഥിര സംവിധാനങ്ങൾ രൂപപ്പെടുത്തുകയാണ് സന്ദർശനം ലക്ഷ്യമിടുന്നത്. ഇരു രാജ്യങ്ങളിലെയും കമ്പനികൾക്കും വ്യവസായങ്ങൾക്കും
പുതിയ കരാര്‍ നൽകുന്ന സൗകര്യങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും
വിലയിരുത്തലുണ്ടാകും.
സാമ്പത്തിക മേഖലകളിൽ ഇന്ത്യ- യുഎഇ സുസ്ഥിര പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുള്ള അവസരങ്ങളെക്കുറിച്ചും ചര്‍ച്ചചെയ്യും.വ്യാവസായിക ഉൽപ്പാദനം, സിവിൽ ഏവിയേഷൻ, സാമ്പത്തിക സേവനങ്ങൾ, ഐസിടി, ഭക്ഷ്യസുരക്ഷ, ഗതാഗതം, അടിസ്ഥാന സൗകര്യങ്ങൾ, ലോജിസ്റ്റിക്കൽ സേവനങ്ങൾ, അഗ്രി-ടെക്നോളജി, സംരംഭകത്വം, എന്നീ മേഖലകളിലാണ് സഹകരണം ത്വരിതപ്പെടുത്തുക.
യുഎഇയുടെ പ്രതിനിധി സംഘത്തിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടുന്നു. ഇന്ത്യയിലെ യുഎഇ അംബാസഡർ അഹമ്മദ് അൽ ബന്ന ഉൾപ്പെടെയുള്ള യുഎഇ ഉദ്യോഗസ്ഥരും സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്നുള്ള 80-ലധികം പ്രതിനിധികളും അടങ്ങുന്ന സംഘത്തെ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർരി നയിക്കും.