അടിയന്തര പ്രാധാന്യമുള്ള ജോലികൾ ചെയ്യുന്നവർക്ക് ഉച്ചവിശ്രമം ബാധകമല്ലെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സെപ്റ്റംബർ 15 വരെ ഉച്ചയ്ക്ക് 12 മുതൽ 3.30വരെയാണ് യുഎഇയിൽ പുറം ജോലിക്കാർക്ക് ഉച്ചവിശ്രമം അനുവദിച്ചിരിക്കുന്നത്. എന്നാൽ പൊതുജനങ്ങളെ സാരമായി ബാധിക്കുന്ന ജോലികൾ ചെയ്യുന്നവർക്ക് ഈ നിയന്ത്രണം ബാധകമല്ലെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
അപകടം ഒഴിവാക്കൽ, തകരാർ പരിഹരിക്കൽ തുടങ്ങിയ അടിയന്തര പ്രാധാന്യമുള്ള ജോലികൾക്കും ഉച്ചയ്ക്ക് ശേഷം ചെയ്താൽ പൂർത്തിയാക്കാൻ കഴിയാത്ത ജോലികൾക്കും വിശ്രമനിയമം ബാധകമല്ല. വാതക, ഓയിൽ പൈപ്പ് ലൈനുകൾ, ജലവിതരണ ലൈനുകൾ, മലിനജല ലൈനുകൾ, വൈദ്യുതി ലൈനുകൾ, പൊതു റോഡുകളിലെ ഗതാഗതം പുന:സ്ഥാപിക്കുക, വഴി തിരിച്ചുവിടുക എന്നീ ജോലികൾ സമയം നോക്കി ചെയ്യാൻ സാധിക്കില്ലാത്തതിനാലാണ് ഇത്തരം ജോലിക്കാരെ ഉച്ചവിശ്രമനിയമത്തിൽ നിന്നും ഒഴിവാക്കിയത്.
അടിയന്തര ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്ക് ആവശ്യമായ ആരോഗ്യ സുരക്ഷ ഒരുക്കേണ്ട ബാധ്യത തൊഴിലുടമകൾക്കാണെന്നും തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ച് ആരോഗ്യ മന്ത്രാലയങ്ങൾ അംഗീകരിച്ച കുടിവെള്ളം തൊഴിലിടങ്ങളിൽ ലഭ്യമാക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്. കൂടാതെ പ്രാഥമിക മെഡിസിനുകളും തൊഴിൽ സമയം കഴിയുമ്പോൾ വിശ്രമിക്കാനുള്ള കേന്ദ്രങ്ങളും നിർബന്ധമായും ലഭ്യമാക്കിയിരിക്കണമെന്നും നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 600590000 എന്ന നമ്പറിൽ അറിയിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.