ബലിപെരുന്നാളിന്റെ ഭാഗമായി യുഎഇയിൽ പൊതു മേഖലയിലെയും സ്വകാര്യ മേഖലയിലെയും അവധികൾ പ്രഖ്യാപിച്ചു. ജൂൺ 15 (ശനിയാഴ്ച) മുതൽ ജൂൺ 18 (ചൊവ്വാഴ്ച) വരെയാണ് രാജ്യത്തെ സ്വകാര്യ മേഖലയിലും പൊതു മേഖലയിലും ജോലി ചെയ്യുന്നവർക്ക് അവധി നൽകിയിരിക്കുന്നതെന്ന് മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.
ഹിജ്റി കലണ്ടർ പ്രകാരം ദുൽ ഹിജ്ജ 9 ന് ഇസ്ലാമിലെ ഏറ്റവും പുണ്യ ദിനമായ അറഫ ദിനം ആഘോഷിക്കുന്നതിനായി ഒരു ശമ്പളത്തോടുകൂടിയ അവധി നൽകുന്നുണ്ട്. ഇത് ഗ്രിഗോറിയൻ കലണ്ടറിൽ ജൂൺ 15 ശനിയാഴ്ചയാണ്. ദുൽഹിജ്ജ 10 മുതൽ 12 വരെ അല്ലെങ്കിൽ ഗ്രിഗോറിയൻ കലണ്ടറിൽ ജൂൺ 16 മുതൽ 18 വരെ ആചരിക്കുന്ന ബലി പെരുന്നാളിന് മൂന്ന് ദിവസത്തെ അവധിയും അനുവദിക്കുന്നുണ്ട്. അങ്ങനെയാണ് നാല് ദിവസം അവധി ലഭിക്കുന്നത്.