ഖുർആൻ പഠിപ്പിക്കുന്നതിൽ നിന്ന് ലൈസൻസില്ലാത്ത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് വിലക്കേർപ്പെടുത്തി യുഎഇ. വിവിധ എമിറേറ്റുകളിലെ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ആവശ്യമായ ലൈസൻസ് നേടാതെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ഖുർആൻ പഠിപ്പിക്കുന്നതാണ് നിരോധിച്ചത്.
ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്, സകാത്ത് ആണ് യുഎഇ പൗരന്മാർക്കും താമസക്കാർക്കുമായി പുതിയ നിയമം പുറത്തിറക്കിയത്. ഖുർആൻ അധ്യാപന സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ലൈസൻസില്ലാത്ത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉയർത്തുന്ന അപകടങ്ങളെ മുൻനിറുത്തിയാണ് നടപടി. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ ഖുർആൻ അധ്യാപന സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന നിരവധി വ്യക്തികൾ മത വിദ്യാഭ്യാസ യോഗ്യതകളില്ലാത്തവരുമാണ്. അതിനാൽ ഇത് തെറ്റായ പഠിപ്പിക്കലിലേക്കും വിശുദ്ധ ഗ്രന്ഥത്തിൻ്റെ തെറ്റായ വ്യാഖ്യാനത്തിലേയ്ക്കും നയിക്കുമെന്നാണ് വിലയിരുത്തൽ.
ലൈസൻസില്ലാത്ത നിരവധി പേർ ഖുർആൻ ക്ലാസുകൾ എടുക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാൽ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. യുഎഇ നിയമം അനുസരിച്ച് ലൈസൻസോ പെർമിറ്റോ ഇല്ലാതെ ഖുർആൻ പഠിപ്പിക്കുന്നവർക്ക് രണ്ട് മാസത്തിൽ കുറയാത്ത തടവും 50,000 ദിർഹം പിഴയും അല്ലെങ്കിൽ ഈ രണ്ട് പിഴകളിൽ ഒന്നും ശിക്ഷയായി ലഭിക്കും.