അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി ലഹരിമരുന്നിന്റെ ആസക്തി അനുഭവിക്കുന്ന രോഗികൾക്ക് പുതിയ സേവനങ്ങളും ചികിത്സകളും പ്രഖ്യാപിച്ച് യുഎഇ. ഇതനുസരിച്ച് ലഹരിക്കടിമപ്പെട്ടവർക്ക് മെഡിക്കൽ ടീമുകളുമായി ഓൺലൈൻ ആയി ബന്ധപ്പെടാൻ സാധിക്കും. നാഷണൽ റീഹാബിലിറ്റേഷൻ സെന്റർ പ്രിൻസിപ്പൽ ഹെൽത്ത് എജ്യുക്കേഷൻ സ്പെഷ്യലിസ്റ്റ് ഡോ. സെയ്ഫ് അഹമ്മദ് ഡാർവിഷ് ആണ് ഇതുസംബന്ധിച്ച വിവരം അറിയിച്ചത്.
മെഡിക്കൽ ടീമുമായി ബന്ധപ്പെടുന്നവർക്ക് ഉടൻ വൈദ്യസഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു. വിഷ്വൽ കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് നാഷണൽ റീഹാബിലിറ്റേഷൻ സെന്റർ സപ്പോർട്ട് ഗ്രൂപ്പുകൾ സ്ഥാപിക്കുകയും രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ഓൺലൈൻ ആയി വിവരങ്ങൾ കൈമാറുകയും ചെയ്യും.
ഇതിന്റെ ഭാഗമായി ലഹരിക്കടിമപ്പെട്ട 15നും 18നും ഇടയിൽ പ്രായമുള്ള കൗമാരക്കാർക്കായി പ്രത്യേക ക്ലിനിക്ക്, അഡോളസന്റ് ഔട്ട്പേഷ്യന്റ് പ്രോഗ്രാം തുടങ്ങിയ നിരവധി ചികിത്സാ പരിപാടികളും റീഹാബിലിറ്റേഷൻ സെന്റർ നടപ്പിലാക്കും.