യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും സുപ്രധാന ദിനങ്ങളിലൊന്നായ
യുഎഇ സായുധ സേന ഏകീകരണത്തിന്‍റെ നാല്‍പ്പത്തിയാറാമത് വാര്‍ഷികദിനം നാളെ. 1976 മെയ് 6 യുഎഇയുടെ വളര്‍ച്ചയില്‍ വഴിത്തിരിവും സുപ്രധാന നാഴികക്കല്ലുമായിരുന്നുവെന്ന് പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. നേഷൻ ഷീൽഡ്’ നടത്തുന്ന സായുധ സേനാ ഏകീകരണ ദിനത്തിന്റെ 46-ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ പ്രസ്താവനയിലാണ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഇക്കാര്യം വ്യക്തമാക്കിയത്.
ഈ ചരിത്ര ദിനത്തിൽ യുഎഇ സായുധ സേനയെ ഒരു പതാകയ്ക്ക് കീഴിൽ ഏകീകരിക്കാന്‍ കഴിഞ്ഞത് രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും സംരക്ഷിക്കുകയും സുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്തുകയും ചെയ്തു. ദേശസ്‌നേഹത്തിന്റെ മൂല്യങ്ങൾ വ്യക്തമാക്കുന്ന ആധുനികവും വികസിതവുമായ ഒരു സൈനിക ശക്തി ഉണ്ടാകണമെന്ന ജനങ്ങളുടെ അഭിലാഷങ്ങളാണ് നേതൃത്വം നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു. അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും അന്തരിച്ച സ്ഥാപക നേതാക്കളുടെയും എമിറേറ്റ്സ് ഭരണാധികാരികളുടെയും ജ്ഞാനപൂർവകമായ കാഴ്ചപ്പാട് പ്രകടമാകുന്നതാണ് സായുധ സേന ഏകീകരണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഈ ചട്ടക്കൂടിന് കീഴിൽ യുഎഇ ഭരണാധികാരികളും സായുധ സേനയുടെ കമാൻഡറും അവരുടെ ഉന്നതരായ സുപ്രീം കൗൺസിൽ അംഗങ്ങളും സായുധ സേനയുടെ കഴിവുകൾ മുന്നോട്ട് കൊണ്ടുപോകുന്നത് തുടരുമെന്നും ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ചെയ്തതുപൊലെ അടുത്ത 50 വർഷവും അതിനുമപ്പുറവും പ്രവര്‍ത്തിക്കുമെന്ന് യുഎഎ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂമും വ്യക്തമാക്കി.
അടുത്ത 50 വർഷത്തേക്ക് യുഎഇയുടെ 10 തത്ത്വങ്ങൾ നിലനിർത്തുന്നതിനും നടപ്പിലാക്കുന്നതിനും യുഎഇ സായുധ സേനയുടെയും ദേശീയ സുരക്ഷയുടെയും കഴിവുകൾ രാജ്യം മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്ന് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് സ്ഥിരീകരിച്ചു. സായുധ സേനാ ഏകീകരണത്തോടെ രാജ്യത്തിന്‍റെ കെട്ടുറപ്പ് ദൃഢമായെന്ന് ഇതര എമിറേറ്റുകളിലെ ഭരണാധികാരികളും പ്രതികരിച്ചു.