ഒരുപാട് സ്വപ്നങ്ങൾ കണ്ട് സൗദിയിലേയ്ക്ക് വിമാനം കയറിയ രണ്ട് യുവാക്കൾ. മികച്ച ജോലിയും കുടുംബത്തിന്റെ നല്ല ഭാവിയുമോർത്ത് കടൽ കടന്ന അവർക്ക് അനുഭവിക്കേണ്ടി വന്നത് ദുരിതങ്ങൾ മാത്രമായിരുന്നു. ഭക്ഷണവും ശമ്പളവുമില്ലാതെ മാസങ്ങളോളമുള്ള പീഢനങ്ങൾ, ആരോടും പരാതി പറയാനാകാതെ എല്ലാം സഹിച്ചുനിന്ന അവർക്ക് ഒടുവിൽ തുണയായത് സിദ്ദീഖ് തുവ്വൂർ എന്ന സാമൂഹ്യ പ്രവർത്തകനാണ്.
ഉത്തർപ്രദേശിലെ ലഖ്നോ സ്വദേശികളായ ശ്യാംലാൽ, ഹനൈൻ എന്നിവരാണ് ദുരിതങ്ങൾക്കൊടുവിൽ സന്തോഷകരമായ ജീവിതത്തിലേയ്ക്ക് തിരിച്ചുവരാനൊരുങ്ങുന്നത്. കിടപ്പാടം വിറ്റുകിട്ടിയ 90,000 രൂപ കൊടുത്ത് നേടിയ ഡ്രൈവർ വിസയിലാണ് നാലര വർഷം മുമ്പ് ശ്യാംലാൽ ഗൾഫിലെത്തിയത്. എന്നാൽ ഡ്രൈവർ ജോലിക്ക് പകരം ലഭിച്ചത് 250 ഓളം ഒട്ടകങ്ങളുള്ള ഫാമിൽ അവയെ പരിപാലിക്കുന്ന ജോലിയാണ്. ഗൾഫിലെ മറ്റൊരു രാജ്യത്തായിരുന്ന ശ്യാംലാലിനെ സൗദിയിൽ നല്ല ജോലി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തൊഴിലുടമ മരുഭൂമിയിലെ ഫാമിലേയ്ക്ക് കൊണ്ടുവന്നത്.
എങ്കിലും ആരോടും പരാതി പറയാതെ എല്ലാം സഹിച്ച് ഒരു വർഷം ജോലിചെയ്തു. എന്നാൽ ശമ്പളവും കൃത്യമായി ഭക്ഷണവും ലഭിക്കാതെ വന്നതോടെ ശ്യാംലാൽ മാനസികമായും ശാരീരികമായും തളർന്നു. സമാനമായ അനുഭവമാണ് ഹനൈനുമുണ്ടായത്. 10 മാസം മുമ്പാണ് ഇയാൾ ഒട്ടകങ്ങളെ നോക്കുന്നതിനായി ഇവിടെയാത്തിയത്. കടുത്ത പീഡനങ്ങളേറ്റ് അടിമകളെപ്പോലെ കഴിയേണ്ടി വന്ന ഇവർ രക്ഷപ്പെടാനുള്ള പല വഴികളും നോക്കിയെങ്കിലും ഫലമുണ്ടായില്ല. അങ്ങനെയിരിക്കെയാണ് സാമൂഹിക പ്രവർത്തകനായ സിദ്ദീഖ് തുവ്വൂർ ഇരുവരുടെയും ജീവിതത്തിലേയ്ക്ക് എത്തുന്നത്.
ഇവരെപ്പോലെ മരുഭൂമിയിൽ നിന്ന് മുമ്പൊരിക്കൽ രക്ഷപ്പെട്ട് നാട്ടിലെത്തിയ ഒരാളാണ് ഹനൈന് സിദ്ദീഖ് തുവ്വൂരിന്റെ ഫോൺ നമ്പർ നൽകുന്നത്. തുടർന്ന് ഹനൈൻ സിദ്ദീഖിനെ വിളിക്കുകയായിരുന്നു. അതേസമയം, ഇരുവരുടെയും കുടുംബങ്ങളും ഇന്ത്യൻ എംബസിയിൽ പരാതിയും നൽകിയിരുന്നു. തുടർന്ന് എംബസി ഇവരെ രക്ഷപ്പെടുത്താനുള്ള ചുമതല സിദ്ദീഖിനെ ഏൽപ്പിച്ചു. എംബസി നൽകിയ കത്തുമായി റിയാദിൽ നിന്ന് 300 കി.മീറ്റർ അകലെയുള്ള ഉമ്മു അഖ പൊലീസ് സ്‌റ്റേഷനിൽ സിദ്ദീഖ് എത്തിയപ്പോൾ ഇതൊരു തൊഴിൽ പ്രശ്നമാണെന്ന് പറഞ്ഞ് അവർ ആദ്യം കൈയൊഴിയുകയായിരുന്നു.
എന്നാൽ സിദ്ദീഖിന്റെ ഇടപെടലും ആത്മാർത്ഥതയും മനസിലാക്കിയ പൊലീസ് പിന്നീട് ഇരുവരെയും രക്ഷപ്പെടുത്താനായി ഇടപെട്ടു. പൊലീസുമായി സിദ്ദീഖ് ഫാമിലെത്തിയപ്പോൾ കണ്ടത് ശ്യാംലാലിന്റെയും ഹനൈന്റെയും ദുരിത ജീവിതമാണ്. ഇതുകണ്ട പൊലീസ് സ്പോൺസറുൾപ്പെടെയുള്ളവരെ വിളിച്ചുവരുത്തി ശമ്പള കുടിശിക തീർത്തുകൊടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ സ്പോൺസർ ഹുനൈന് നാലുമാസത്തെ ശമ്പളം കയ്യോടെ നൽകുകയും ശ്യാംലാലിൻ്റെ 31,000 റിയാൽ ഒരുമാസത്തിനകം നൽകാമെന്ന കരാറിൽ ഒപ്പിടുകയും ചെയ്തു.