സൗദിയിലെ കാറപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു. ദമാം ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളും ഹൈദരാബാദ് സ്വദേശികളുമായ ഇബ്രാഹിം അസ്ഹർ (16), ഹസൻ റിയാസ് (18) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മാർ (13) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ദമാം ഗവർണർ ഹൗസിന് മുന്നിലുള്ള റോഡിലായിരുന്നു അപകടം നടന്നത്. ഒരേ കെട്ടിടത്തിലെ താമസക്കാരും സുഹൃത്തുക്കളുമായ മൂന്നു പേരും ചേർന്ന് അമ്മാറിന്റെ പിതാവിന്റെ കാറുമായി പുറത്തേക്ക് പോയതായിരുന്നു. ലൈസൻസ് ഉണ്ടായിരുന്ന ഹസൻ റിയാസാണ് കാർ ഓടിച്ചിരുന്നത്. അതിവേഗത്തിലായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലുള്ള ഈന്തപ്പനയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് മൂവരെയും പുറത്തെടുത്തത്.
മൂഹമ്മദ് യൂസുഫ് റിയാസ്, റിസ്വാന ബീഗം ദമ്പതികളുടെ മകനാണ് മരിച്ച ഹസൻ റിയാസ്. ഹൈദരാബാദ് ബഹാദുർപുര സ്വദേശി മുഹമ്മദ് അസ്ഹർ, സഹീദ ബീഗം ദമ്പതികളുടെ മകനാണ് ഇബ്രാഹിം അസ്ഹർ. ഇരുവരുടെയും മൃതദേഹങ്ങൾ ദമാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.